ന്യൂജനറേഷന്‍ ഫീച്ചറുകളിലും പുറംമോടിയിലെ അലങ്കാര പണികളിലും എതിരാളികള്‍ക്കൊപ്പം എത്തില്ലെങ്കിലും റെനോയുടെ എസ്.യു.വി. മോഡലായ ഡസ്റ്ററിന് വലിയ ആരാധകരാണ് ഇന്ത്യയില്‍ ഉള്ളത്. ഓരോ തലമുറ മാറ്റത്തിലും കൂടുതല്‍ കേമനായി എത്തുന്ന ഈ വാഹനത്തിന്റെ പുതുതലമുറ മോഡല്‍ തത്കാലം ഇന്ത്യയില്‍ എത്തിക്കുന്നില്ലെന്നാണ് നിര്‍മാതാക്കളുടെ തീരുമാനം.

2023-ല്‍ ഡസ്റ്ററിന്റെ പുതുതലമുറ മോഡല്‍ ആഗോള തലത്തില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍, ഈ വാഹനം തത്കാലം ഇന്ത്യയില്‍ എത്തിക്കേണ്ടന്നാണ് റെനോ മേധാവികളുടെ അഭിപ്രായം. 2019-ലാണ് ഡസ്റ്ററിന്റെ പുതുതലമുറ മോഡല്‍ ഇന്ത്യയില്‍ എത്തിയത്. മൂന്നാം തലമുറയില്‍ പെട്ട വാഹനമാണിതെന്നാണ് റിപ്പോര്‍ട്ട്. ഈ മോഡല്‍ തന്നെ ഇന്ത്യയില്‍ തുടരുമെന്നാണ് സൂചന.

ഈസ്‌റ്റേണ്‍ യൂറോപ്പ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് റെനോയുടെ ഡാസിയ ഡെസ്റ്റര്‍ എന്ന മോഡല്‍ ഒരുക്കിയത്. പിന്നീട് റെനോ ഡസ്റ്റര്‍ എന്ന പേരില്‍ ഈ വാഹനം മറ്റ് പല രാജ്യങ്ങളിലും എത്തിച്ചിട്ടുണ്ട്. ഡാസിയ ഡസ്റ്ററിന്റെ ഡിസൈനിലുള്ള വാഹനങ്ങളായിരിക്കും പുതുതലമുറ മോഡലായി ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണിയില്‍ എത്തിക്കുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയില്‍ ഘട്ടംഘട്ടമായി വാഹനങ്ങള്‍ എത്തിക്കുന്ന രീതിയാണ് റെനോ പിന്തുടരുന്നത്. ആദ്യം ഡസ്റ്റര്‍ എത്തിച്ചു. ഇതിനുപിന്നാലെ ക്വിഡ്, അതിനുശേഷം ട്രൈബര്‍, ഇപ്പോള്‍ കൈഗര്‍ എന്നിങ്ങനെയാണ് വാഹനങ്ങള്‍ എത്തിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ എത്തിക്കുന്നത് അപകട സാധ്യത കുറയ്ക്കും. പുതിയ ഡസ്റ്ററും വിപണി വിലയിരുത്തിയ ശേഷമെത്തിക്കുമെന്നും കമ്പനി അറിയിച്ചു.

പരിമിതമായ മോഡലുകളുടെ അകമ്പടിയില്‍ മികച്ച പ്രകടനമാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ കാഴ്ചവയ്ക്കുന്നത്. ഡസ്റ്റര്‍, ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നീ നാല് മോഡലുകളാണ് റെനോ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഇതില്‍ എന്‍ട്രി ലെവല്‍ വാഹനമായ ക്വിഡ് മുതല്‍ അടുത്തിടെ എത്തിയ കൈഗര്‍ വരെ വലിയ സ്വീകാര്യതയാണ് സ്വന്തമാക്കിയിട്ടുള്ളത്.

Content Highlights: New Generation Renault Duster Do Not Consider For India