മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ സെലേറിയോയുടെ തലമുറ മാറ്റം പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. കോവിഡ്-19 വ്യാപനം, ചിപ്പ് ക്ഷാമം തുടങ്ങിയ പ്രതിസന്ധികളില്‍ കുരുങ്ങി വരവ് നീണ്ടുപോയെങ്കിലും ഏറ്റവും ഒടുവില്‍ ഈ വാഹനത്തിന്റെ അവതരണത്തിന് മാരുതി തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നവംബര്‍ 10 ന് രണ്ടാം തലമുറ സെലേറിയോ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. 2021-ന്റെ പകുതിയോടെ എത്തുമെന്നായിരുന്നു ആദ്യ സൂചനകള്‍.

തലമുറ മാറ്റം എന്ന പ്രയോഗം അന്വര്‍ഥമാക്കി തികച്ചും പുതുതലമുറ ഡിസൈന്‍ ശൈലികള്‍ ആവാഹിച്ചാണ് ഈ വാഹനം എത്തുന്നതെന്നാണ് വിവരം. മുമ്പ് പരീക്ഷണയോട്ടത്തിന് ഇറങ്ങിയ സെലേറിയോയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇത് ഏറെക്കുറെ ഉറപ്പായിട്ടുമുണ്ട്. ക്രോമിയം ലൈന്‍ നല്‍കിയുള്ള ഗ്രില്ല്, എല്‍.ഇ.ഡി. ഡി.ആര്‍.എല്ലിന്റെ അകമ്പടിയിലുള്ള വലിയ ഹെഡ്ലാമ്പ്, ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയിട്ടുള്ള വലിയ ബമ്പര്‍, ഫോഗ്ലാമ്പ്, എന്നിവയാണ് മുന്‍വശത്തുള്ളത്. 

14 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് ഫിനീഷ് അലോയി വീലാണ് പരീക്ഷണയോട്ടത്തിനിറങ്ങിയ വാഹനത്തില്‍ നല്‍കിയിരുന്നത്. അതേസമയം, പിന്‍ഭാഗത്തെ ഡിസൈന്‍ മുന്‍മോഡലിനോട് വിദൂര സാമ്യം പുലര്‍ത്തുന്നുണ്ട്. എന്നാല്‍, പിന്നിലെ ബമ്പറും ടെയ്ല്‍ലാമ്പും പുതിയ ഡിസൈനിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഹാച്ച്ഡോര്‍ മുന്‍തലമുറ മോഡലിലേത് നിലനിര്‍ത്തിയിട്ടുണ്ട്. വലിപ്പത്തിലും മുന്‍തലമുറ മോഡലിനെക്കാള്‍ മുന്നിലാണ് ഈ വാഹനം.

മുന്‍ മോഡലിനെക്കാള്‍ ഫീച്ചര്‍ സമ്പന്നമായിരിക്കും പുതുതലമുറ സെലേറിയോ എന്നാണ് പ്രതീക്ഷിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും ഇതില്‍ പ്രധാനം. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവയും അകത്തളത്തില്‍ നല്‍കും. വിപണിയില്‍ ടാറ്റയുടെ ടിയാഗോ ആയിരിക്കും സെലേറിയോയുടെ പ്രധാന എതിരാളി എന്നാണ് വിലയിരുത്തല്‍.

മാരുതിയുടെ മറ്റൊരു ഹാച്ച്ബാക്ക് മോഡലായ വാഗണ്‍ആറിന് സമാനമായി 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് സെലേറിയോയുമെത്തുക. 1.0 ലിറ്റര്‍ എന്‍ജിന്‍ 69 ബി.എച്ച്.പി. പവറും 91 എന്‍.എം. ടോര്‍ക്കും 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍-എ.എം.ടി. ട്രാന്‍സ്മിഷനുകള്‍ ഇതില്‍ നല്‍കും. മാരുതിയുടെ മോഡുലാര്‍ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ സെലേറിയോ ഒരുങ്ങിയിട്ടുള്ളത്. 

Content Highlights: New Generation Maruti Suzuki Celerio To Be Launch On November 10