മാരുതിയുടെ പുതുതലമുറ സെലേറിയോ നിരത്തുകളില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. നവംബര്‍ പത്തിന് ഈ വാഹനം അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. ഇതിനോടകം തന്നെ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിയതിന്റെ ചിത്രങ്ങളും മറ്റും നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒടുവില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍ എന്ന ടീസര്‍ ഉള്‍പ്പെടെ സെലേറിയോയുടെ ബുക്കിങ്ങ് മാരുതി സുസുക്കി ആരംഭിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളതില്‍ ഏറ്റവുമധികം ഇന്ധനക്ഷമകതയാണ് 2022 സെലേറിയോ വാഗ്ദാനം ചെയ്തിട്ടുള്ളത്. 26 കിലോമീറ്റര്‍ മൈലേജാണ് ഈ വാഹനത്തിന് ലഭിക്കുകയെന്നാണ് അഭ്യൂഹങ്ങള്‍. മാരുതിയുടെ വാഗണ്‍ആര്‍, എസ്-പ്രെസോ, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ലൈറ്റ്‌വെയിറ്റ് ഹാര്‍ട്ട്‌ടെക്ട് പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനവും ഒരുങ്ങുകയെന്നാണ് വിവരം. ഒന്നിലധികം എന്‍ജിന്‍ ഓപ്ഷനുകളും ഈ വരവില്‍ ഒരുക്കുന്നുണ്ട്.

തലമുറ മാറ്റം എന്ന പ്രയോഗം അന്വര്‍ഥമാക്കി തികച്ചും പുതിയ ലുക്കിലാണ് സെലേറിയോ എത്തുന്നത്. ഹണികോമ്പ് ഡിസൈനില്‍ ഓവല്‍ ഷേപ്പിലുള്ള ഗ്രില്ല്, ഹെഡ്‌ലൈറ്റുകളെ ബന്ധിപ്പിച്ച് നല്‍കിയിട്ടുള്ള ക്രോമിയം ലൈന്‍, പുതിയ രൂപത്തിലുള്ള ഹെഡ്‌ലാമ്പ്, ബ്ലാക്ക് ആവരണത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഫോഗ്‌ലാമ്പ്, ബോഡി കളറിനൊപ്പം ബ്ലാക്ക് ക്ലാഡിങ്ങും നല്‍കിയുള്ള ബമ്പര്‍, ഇന്റിക്കേറ്ററുള്ള റിയര്‍വ്യൂ മിറര്‍ എന്നിവയാണ് വാഹനത്തില്‍ മുന്‍വശം അലങ്കരിക്കുന്നത്. 

Maruti Celerio

പിന്‍ഭാഗം മുന്‍ മോഡലിനോട് ഏറെ സാമ്യമുണ്ടെങ്കിലും ടെയ്ല്‍ലാമ്പ് തികച്ചും പുതിയ ഡിസൈനിലാണ് ഒരുക്കിയിട്ടുള്ളത്. ഫീച്ചര്‍ സമ്പന്നമായ അകത്തളമാണ് പുതുതലമുറ സെലേറിയോയില്‍ നല്‍കിയിട്ടുള്ളതെന്നാണ് വിവരം. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും ഇതില്‍ പ്രധാനം. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവയും അകത്തളത്തില്‍ നല്‍കും. 

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ കെ10സി ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നതെന്നാണ് വിവരം. മാനുവല്‍-ഒ്ാട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. ചെറു ഹാച്ച്ബാക്ക് വാഹനങ്ങളില്‍ ആദ്യമായി ഐഡില്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സാങ്കേതികവിദ്യ ഈ വാഹനത്തില്‍ ഒരുങ്ങും. ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍. കാര്യക്ഷമമായ സുരക്ഷ സംവിധാനവും ഇതില്‍ ഉറപ്പാക്കും.

Content Highlights: new generation maruti suzuki celerio booking open, launch on november 10, maruti celerio, celerio hatchback, 2022 Celerio