ന്ത്യയിലെ കോംപാക്ട് എസ്.യു.വികളിലെ അതികായനാണ് മാരുതി സുസുക്കിയുടെ വിത്താര ബ്രെസ. കാഴ്ചയില്‍ ഏറെ സുന്ദരനായി 2016-ല്‍ ഇന്ത്യന്‍ നിരത്തുകളില്‍ അവതരിച്ച ഈ വാഹനം 2020-ല്‍ മുഖം മിനുക്കല്‍ വരുത്തി കൂടുതല്‍ സ്റ്റൈലിഷായിരുന്നു. എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മാരുതിയുടെ ഈ കോംപാക്ട് എസ്.യു.വി. തലമുറ മാറ്റത്തിന് ഒരുങ്ങുകയാണ്. അടിമുടി മാറ്റം വരുത്തി എത്താനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ നിറയുകയാണ്.

മുന്‍ തലമുറ ബ്രെസയുമായി യാതൊരു ഡിസൈന്‍ സാമ്യം വരുത്താതെ അടിമുടി മാറ്റവുമായാണ് പുതുതലമുറ ഒരുങ്ങുന്നത്. ആഡംബര വാഹനങ്ങളിലും മറ്റും കണ്ടുശീലിച്ചിട്ടുള്ള ഡിസൈന്‍ മാറ്റങ്ങളാണ് പുറംമോടിയില്‍ വരുത്തിയിട്ടുള്ളതെങ്കില്‍ പ്രീമിയം ഫീച്ചറുകളും മറ്റുമാണ് അകത്തളത്തില്‍ വരുത്തുന്ന പുതുമ. അഞ്ച് വര്‍ഷം വിജയകരമായി നടത്തിയ കുതിപ്പിനെ തുടര്‍ന്നാണ് ഈ വാഹനത്തിന്റെ തലമുറ മാറ്റത്തിന് നിര്‍മാതാക്കള്‍ ഒരുങ്ങുന്നതെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.

Maruti Brezza
മാരുതി സുസുക്കി വിത്താര ബ്രെസ | Photo: Youtube/eXtreme Media

ബ്രെസയുടെ പരമ്പരാഗത ബോക്‌സി ഡിസൈനിലാണ് ബോഡി ഒരുങ്ങിയിട്ടുള്ളത്. അതേസമയം, മുഖഭാവം മുതല്‍ തുടങ്ങുന്ന മാറ്റം വാഹനത്തിന് ചുറ്റിലും നീളുന്നുണ്ട്. യൂ ഷേപ്പ് ക്രോമിയം ആവരണം നല്‍കിയിട്ടുള്ള ഗ്രില്ലാണ് ഈ ബ്രെസയില്‍ നല്‍കിയിട്ടുള്ളത്. ഡ്യുവല്‍ പോഡ് പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പൂര്‍ണമായും പുതുക്കി പണിതിട്ടുള്ള ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, പുതിയ അലോയി വീല്‍ എന്നിങ്ങനെ നീളുന്നു മുന്നിലെ മാറ്റങ്ങള്‍.

വശങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ബ്ലാക്ക് ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള വീല്‍ ആര്‍ച്ച്, ഇന്റിക്കേറ്റര്‍ ഇന്റഗ്രേറ്റ് ചെയ്ത റിയര്‍വ്യൂ മിറര്‍, ക്ലാഡിങ്ങ് നല്‍കിയുള്ള ഡോറുകള്‍ എന്നിവ വശങ്ങളില്‍ തുടരുന്നു. അതേസമയം, പിന്‍ഭാഗത്ത് നിരവധി മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. റാപ്പ്എറൗണ്ട് എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയിട്ടുള്ള ബമ്പര്‍, മുന്‍ മോഡലിലേതിന് സമാനമായ ബ്രെസ ബാഡ്ജിങ്ങ് എന്നിവയാണ് പിന്നിലുള്ളത്. 

Maruti Brezza
മാരുതി സുസുക്കി വിത്താര ബ്രെസ | Photo: Youtube/eXtreme Media

അകത്തളത്തിന് പ്രീമിയം ഭാവമാണ് നല്‍കിയിട്ടുള്ളത്. മികച്ച ഡിസൈനിലുള്ള ഡാഷ്‌ബോര്‍ഡ്, സുസുക്കി കണക്ട് സംവിധാനമുള്ള വലിപ്പം കൂടിയ ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കളര്‍ സ്‌ക്രീന്‍ നല്‍കിയിട്ടുള്ള പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സണ്‍റൂഫ്, പുതിയ എ.സി. വെന്റുകള്‍, പാഡില്‍ ഷിഫ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് പുതിയ ബ്രെസയുടെ അകത്തളത്തിലെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. 

മെക്കാനിക്കലായി നിലവിലുള്ള മോഡലിനെ പിന്തുടര്‍ന്നായിരിക്കും പുതുതലമുറ ബ്രെസയും എത്തുകയെന്നാണ് വിവരം. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് നിലവിലെ ബ്രെസയ്ക്ക് കരുത്തേകുന്നത്. ഇത് 103 ബി.എച്ച്.പി. പവറും 138 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക.

Content Highlights: New Generation Maruti Brezza image spied, maruti suzuki vitara brezza, Maruti Brezza