മാരുതി പുറത്തുവിട്ട ടീസർ ചിത്രം | Photo: Nexa Experience
മാരുതി സുസുക്കിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ വാഹനവും അവതരണത്തിന് ഒരുങ്ങിയിരിക്കുകയാണ്. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബൊലേനോയാണ് നിരത്തുകളില്‍ എത്താനൊരുങ്ങിയിരിക്കുന്നത്. അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ആദ്യ ടീസര്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ ബൊലേനോയുടെ മുഖഭാവത്തിന്റെ ഡിസൈനും വാഹനത്തിനുള്ളില്‍ നല്‍കിയിട്ടുള്ള ഹെഡ് അപ്പ് ഡിസ്‌പ്ലേയുമാണ് ടീസറില്‍ നല്‍കിയിട്ടുള്ളത്.
ടീസര്‍ പുറത്തുവിട്ടതിനൊപ്പം പുതിയ ബൊലേനോയുടെ ബുക്കിങ്ങ് തുറന്നതായും മാരുതി പ്രഖ്യാപിച്ചു. 11,000 രൂപ ബുക്കിങ്ങ് തുകയായി സ്വീകരിച്ചാണ് ഈ വാഹനത്തിനുള്ള ബുക്കിങ്ങ് സ്വീകരിക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ഈ മാസം തന്നെ പുതിയ ബൊലേനോ അവതരിപ്പിക്കുമെന്നും ഫെബ്രുവരി അവസാനത്തോടെ ഇത് ഉപയോക്താക്കള്‍ക്ക് നല്‍കി തുടങ്ങാന്‍ സാധിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തലമുറ മാറ്റമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മുഖം മിനുക്കലാണ് പുതിയ ബൊലേവനോയില്‍ വരുത്തിയിട്ടുള്ളതെന്നാണ് സൂചന. മുഖഭാവത്തില്‍ ഉള്‍പ്പെടെ വരുത്തിയിട്ടുള്ള ഡിസൈന്‍ മാറ്റങ്ങള്‍, പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ആദ്യമായി നല്‍കുന്ന ഫീച്ചറുകള്‍ എന്നിവയാണ് ഈ വരിവില്‍ ബൊലേനോയില്‍ നല്‍കിയിട്ടുള്ളത്. ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന സുരക്ഷ സംവിധാനങ്ങളും ഈ വരവില്‍ ബൊലേനോയില്‍ നല്‍കിയിട്ടുണ്ടെന്നാണ് മാരുതി അറിയിച്ചിട്ടുള്ളത്.
വാഹനത്തില്‍ വരുത്തിയിട്ടുള്ള ഡിസൈന്‍ മാറ്റങ്ങള്‍ സൂചിപ്പിക്കുന്ന ടീസറാണ് മാരുതി വെളിപ്പെടുത്തിയിട്ടുള്ളത്. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലാമ്പാണ് ഇത്തവണ ബൊലേനോയില്‍ നല്‍കിയിട്ടുള്ളത്. പുതുമയുള്ള ഗ്രില്ല് എന്നിവയാണ് എക്സ്റ്റീരിയറിലുള്ളത്. ഈ ശ്രേണിയില്‍ തന്നെ ആദ്യമായി നല്‍കിയിട്ടുള്ള ഹെഡ് അപ്പ് ഡിസ്‌പ്ലേയാണ് അകത്തളത്തിലെ പുതുമ. ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഈ വരവില്‍ നല്‍കുന്നുണ്ട്.
2022 ബൊലേനൊയില്‍ മെക്കാനിക്കലായി മാറ്റം വരുത്തിയേക്കില്ലെന്നാണ് വിവരം. 1.2 ലിറ്റര്‍ വി.വി.ടി, 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഡ്യുവല്‍ വി.വി.ടി. എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുക. ഈ എന്‍ജിനുകള്‍ യഥാക്രമം 82 ബി.എച്ച്.പിയും 89 ബി.എച്ച്.പിയും പവര്‍ ഉത്പാദിപ്പിക്കും. രണ്ട് എന്‍ജിനിലും 113 എന്‍.എം. ആണ് ടോര്‍ക്ക്. മാനുവല്‍ ട്രാന്‍സ്മിഷന്‍ തുടരുന്നതിനൊപ്പം ഓട്ടോമാറ്റിക് മാറുമെന്നും വിവരമുണ്ട്.
Content Highlights: New generation Maruti Baleno first teaser released, booking open, launch soon, Maruti Baleno
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..