കാലാകാലങ്ങളില്‍ നിരത്തില്‍ വന്നുപോയിട്ടുള്ള എസ്‌യുവികള്‍ നിരവധിയാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി പിറവി മുതല്‍ ഇന്നോളം പകിട്ട് ചോര്‍ന്നിട്ടില്ലാത്ത വാഹനമാണ് മഹീന്ദ്ര സ്‌കോര്‍പിയോ. കാലഘട്ടത്തിന് അനുസൃതമായി വരുത്തിയ മാറ്റങ്ങളിലൂടെ നിലനിന്ന ഈ വാഹനം പുതിയ മാറ്റത്തിനൊരുങ്ങുകയാണ്.
2020-ല്‍ നിരത്തിലെത്താനൊരുങ്ങുന്ന പുതുതലമുറ സ്‌കോര്‍പിയോ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ തമിഴ് ഓട്ടോമൊബൈല്‍ പോര്‍ട്ടലായ മോട്ടോര്‍ വികടന്‍ ഡോട്ട് കോമിന് ലഭിച്ചു. മൂടിക്കെടിയ നിലയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇവര്‍ പുറത്തുവിട്ടിരിക്കുന്നത്.
മഹീന്ദ്ര ഥാറിന് അടിസ്ഥാനമൊരുക്കുന്ന ലാഡര്‍ ഫ്രെയിം ഷാസിയിലാണ് പുതിയ സ്‌കോര്‍പിയോയും ഒരുങ്ങുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന സംവിധാനങ്ങള്‍ ഒരുക്കുന്നതും പുതിയ സ്‌കോര്‍പിയോയുടെ പ്രത്യേകതകളിലൊന്നാണ്.

വീല്‍ബേസ് ഉയര്‍ത്തിയായിരിക്കും സ്‌കോര്‍പിയോ എത്തുന്നത്. വലിയ ഡോറുകള്‍, വീതിയേറിയ ഷോള്‍ഡര്‍ ലൈന്‍, ഹാച്ച്‌ഡോറിലേക്ക് കയറിനില്‍ക്കുന്ന ടെയ്ല്‍ലൈറ്റ്, വലിപ്പമേറിയ ബാക്ക് ബമ്പര്‍ എന്നിവയും പുതിയ സ്‌കോര്‍പിയോയിലെ മാറ്റങ്ങളാകുമെന്നാണ് സൂചന.
ഇന്റീരിയര്‍ സംബന്ധിച്ച് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും മുന്‍മോഡലുകളെക്കാള്‍ ഫീച്ചര്‍ റിച്ചായിരിക്കുമെന്നാണ് വിവരം. വീല്‍ബേസ് കൂടുന്നതിന്റെ ഭാഗമായി ലെഗ്‌റൂം ഉയരുന്നതിനൊപ്പം ഇന്റീരിയര്‍ കൂടുതല്‍ സ്‌പേഷിയസ് ആകുമെന്നാണ് വിലയിരുത്തല്‍.

ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് പുതിയ സ്‌കോര്‍പിയോയിക്ക് കരുത്ത് നല്‍കുന്നത്. ഇത് 170 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. ആദ്യഘട്ടത്തില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലായിരിക്കും എത്തുക. ഒട്ടോമാറ്റിക് പിന്നാലെ അവതരിപ്പിക്കും.
Content Highlights: New Generation Mahindra Scorpio Spotted On Test