മഹീന്ദ്രയ്ക്ക് ഏറ്റവുമധികം ജനപ്രീതി നല്‍കിയ വാഹനമാണ് എസ്‌യുവി മോഡലായ സ്‌കോര്‍പിയോ. 2002-ല്‍ എത്തിയ ഈ വാഹനം തലമുറമാറ്റത്തിന് വിധേയമാകുകയും പല തവണ മുഖം മിനുക്കല്‍ വരുത്തുകയും ചെയ്തപ്പോഴും ഈ വാഹനത്തിന്റെ ആരാധക പിന്തുണ കൂടുകയാണ് ചെയ്തത്. ബിഎസ്-6 എന്‍ജിന്‍ മോഡലിലെത്തി നില്‍ക്കുന്ന സ്‌കോര്‍പിയോയുടെ പുതുതലമുറ പതിപ്പിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുന്നു.
സ്‌കോര്‍പിയോയുടെ തലവര മാറ്റാനൊരുങ്ങുന്ന ഈ വാഹനം 2021-ല്‍ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈനിലും ഫീച്ചറുകളിലും നിരവധി മാറ്റവുമായി എത്തുന്ന ഈ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂടികെട്ടിയ നിലയില്‍ പരീക്ഷണയോട്ടം നടത്തുന്ന സ്‌കോര്‍പിയോ ഊട്ടിയില്‍ വെച്ചാണ് ക്യാമറയില്‍ പതിഞ്ഞത്. വീല്‍ ബിഎച്ച്പി യാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
വെര്‍ട്ടിക്കിള്‍ സ്ലാറ്റുകളുള്ള മസ്‌കുലര്‍ റേഡിയേറ്റര്‍ ഗ്രില്ല്, വലിയ ഹെഡ്‌ലൈറ്റുകള്‍, പുതുക്കി പണിതിട്ടുള്ള ബമ്പര്‍, എന്നിവ നല്‍കി നവീന ഡിസൈനിലാണ് 2021 സ്‌കോര്‍പിയോയുടെ മുന്‍വശം ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ ചെരുവുള്ള വിന്‍ഡ് ഷീല്‍ഡാണ് പുതിയ സ്‌കോര്‍പിയോയിലുള്ളത്. പിന്‍വശത്ത് വലിയ മാറ്റങ്ങളുണ്ടെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. പുറത്തേക്ക് തള്ളിനല്‍കുന്ന ടെയ്ല്‍ലൈറ്റുകളാണ് ഇതിലുള്ളത്.
പുതിയ സ്‌കോര്‍പിയോയുടെ ഇന്റീരിയര്‍ കൂടുതല്‍ ഫീച്ചര്‍ സമ്പന്നമായിരിക്കുമെന്നാണ് സൂചന. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ എസി, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തിലൊരുങ്ങും. മുന്‍ മോഡലിനെക്കാള്‍ സ്‌പേഷിയസ് ആകുന്നതിനൊപ്പം എയര്‍ബാഗുകളുടെ എണ്ണം ഉയര്‍ത്തി സുരക്ഷയും ശക്തമാക്കുന്നുണ്ട്.
ലാഡര്‍ ഫ്രെയിം ഷാസിയായിരിക്കും ഈ വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോയിക്ക് കരുത്തേകുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിന് പുറമെ, 1.5 ലീറ്റര്‍ എംസ്റ്റാലിയന്‍ ടി-ജിഡിഐ പെട്രോള്‍ എന്‍ജിനിലും സ്‌കോര്‍പിയോയുടെ പുതുതലമുറയെത്തിയേക്കും. ആദ്യഘട്ടത്തില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലായിരിക്കും എത്തുക. 2021 ഏപ്രിലിനും ജൂണിനുമിടയില്‍ ഇത് അവതരിപ്പിക്കുമെന്നാണ് വിവരം.
Content Highlights: New Generation Mahindra Scorpio Spied In Test Run