ഴിഞ്ഞ കൂറേ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ ഉണ്ടാക്കുന്ന ഓളം ചെറുതല്ല. ആളുകളും ഈ വാഹനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ഥാറിന്റെ കുതിപ്പിന് കടിഞ്ഞാണിടാന്‍ ഫോഴ്‌സിന്റെ പുതുതലമുറ ഗുര്‍ഖ നിരത്തുകളിലെത്താനൊരുങ്ങുകയാണ്. വരും മാസങ്ങളില്‍ പുതുതലമുറ ഗുര്‍ഖ അവതരിപ്പിക്കുമെന്നാണ് സൂചന. 

ഈ വാഹനത്തിന്റെ വരവ് അടുത്തെന്ന സൂചന നല്‍കി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂടിക്കെട്ടലുകള്‍ ഇല്ലാതെയുള്ള ഓട്ടത്തില്‍ പുതിയ ഗൂര്‍ഖയിലെ ഓഫ് റോഡ് ഭാവവും ഡിസൈനില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളും വാഹനത്തിന്റെ തലയെടുപ്പും വ്യക്തമാക്കുന്നുണ്ട്. പുതിയ നിറങ്ങളിലും ഇത്തവണ ഗുര്‍ഖ പ്രതീക്ഷിക്കാം.

ഗുര്‍ഖയുടെ മുഖമുദ്രയായ പരുക്കന്‍ ഭാവം പുതിയ മോഡലിലും നിലനിര്‍ത്തിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡി.ആര്‍.എല്‍, മെഴ്സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍, പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബംമ്പര്‍ എന്നിവയാണ് മുന്നിലെ മാറ്റം.

ഹാര്‍ഡ് ടോപ്പ് ബോഡിയിലാണ് ഗുര്‍ഖയുടെ ആദ്യതലമുറയും എത്തിയിരുന്നത്. ഇത് പുതുതലമുറയിലും തുടരും. സ്റ്റൈലിഷായ അലോയി വീലുകള്‍, റൂഫ് ക്യാരിയര്‍, വലിയ വിന്‍ഡോ എന്നിവ ഗുര്‍ഖയെ സ്‌റ്റൈലിഷാക്കുന്നു. പുതിയ ഡിസൈനിലുള്ള ടെയ്ല്‍ ലൈറ്റും മാറ്റം വരുത്തിയ റിയര്‍ ബംമ്പറും പിന്‍ഭാഗത്തിന് പുതുമ സമ്മാനിക്കുന്നുണ്ട്.

ഗുര്‍ഖയുടെ ഇന്റീരിയര്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം, ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയ ഗുര്‍ഖയില്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റിനും എയര്‍വെന്റുകള്‍ക്കും രൂപമാറ്റം വരുത്തിയിട്ടുണ്ട്. മുന്നിലേക്കുള്ള നാല് സീറ്റുകള്‍. കൂടുതല്‍ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയാണ് എത്തിയിരുന്നത്. 

നിലവിലെ ഗുര്‍ഖയ്ക്ക് കരുത്തേകുന്ന 2.6 ലിറ്റര്‍ എന്‍ജിന്റെ ബിഎസ്-6 പതിപ്പാണ് പുതിയ മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മുന്‍തലമുറ മോഡലിനെക്കാള്‍ കൂടുതല്‍ കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് വിലയിരുത്തലുകള്‍. 4X4 സംവിധാനത്തിനൊപ്പം അഞ്ച് സ്പീഡ് മാനുവലായിരിക്കും ഗുര്‍ഖയിലെ ഗിയര്‍ബോക്സ്.

Content Highlights: New Generation Force Gurkha To Launch Soon