മാസങ്ങളും വര്‍ഷങ്ങളും നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഫോഴ്‌സിന്റെ പുതുതലമുറ ഗുര്‍ഖ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു. സെപ്റ്റംബര്‍ 27-ന് വിപണിയില്‍ അവതരിപ്പിക്കുന്നതിനൊപ്പം വിലയും പ്രഖ്യാപിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ബുക്കിങ്ങും ഈ ദിവസം തന്നെ തുറക്കുമെന്നാണ് വിവരം. എന്നാല്‍, ഉപയോക്താക്കളിലെത്താന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. ഉത്സവ സീസണിന്റെ ഭാഗമായി ഒക്ടോബര്‍ പകുതിയോടെ പുതുയ ഗുര്‍ഖ നിരത്തുകളില്‍ എത്തുമെന്നുമാണ് വിവരം.

മുന്‍ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ അധികം മാറ്റങ്ങളുമായാണ് പുതുതലമുറ ഗുര്‍ഖ എത്തിയിട്ടുള്ളത്. ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ ലുക്കും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്ന ക്യാബിനും ഏത് പ്രതലവും കീഴടക്കാന്‍ പോകുന്ന കരുത്തുമാണ് ഈ വരവിലെ ഗുര്‍ഖയുടെ കൈമുതല്‍. 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയ കണ്‍സെപ്റ്റ് മോഡലിലെ ഡിസൈനിനോട് നീതി പുലര്‍ത്തിയാണ് പ്രൊഡക്ഷന്‍ പതിപ്പും ഒരുങ്ങിയിട്ടുള്ളത്.

Force Ghurkha
ഫോഴ്‌സ് ഗുര്‍ഖ | Photo: Force Motors

കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന രൂപഭംഗിയാണ് ഗുര്‍ഖയില്‍ നല്‍കിയിട്ടുള്ളത്. എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും പ്രൊജക്ഷന്‍ ഹെഡ്‌ലൈറ്റും നല്‍കിയാണ് ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍ ഒരുങ്ങിയിട്ടുള്ളത്. ബോണറ്റിലാണ് ടേണ്‍ ഇൻഡിക്കേറ്റര്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. റേഡിയേറ്ററില്‍ വലിയ അക്ഷരത്തില്‍ ഗുര്‍ഖ ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന തരത്തിലാണ് മുന്നിലെ ബമ്പര്‍. ഇതില്‍ ചെറിയ ഫോഗ്‌ലാമ്പുകളും നല്‍കിയാണ് മുഖഭാവം അലങ്കരിച്ചിരിക്കുന്നത്. 

ബോണറ്റില്‍ നിന്ന് നീളുന്ന സ്‌നോര്‍ക്കലും മികച്ച സ്റ്റൈലിങ്ങ് നല്‍കിയിട്ടുള്ള 16 ഇഞ്ച് അലോയി വീലുകളും കരുത്തന്‍ ഭാവമുള്ള വീല്‍ ആര്‍ച്ചും വലിയ ഗ്ലാസുമാണ് വശങ്ങളുടെ പ്രധാന ആകര്‍ഷണം. ലളിതമായ ഡിസൈനാണ് പിന്‍ഭാഗത്തിന് നല്‍കിയിട്ടുള്ളത്. വിലയ വിന്‍ഡ് ഷീല്‍ഡ്, സ്റ്റെപ്പിന് ടയര്‍ നല്‍കിയിട്ടുള്ള ഹാച്ച്‌ഡോര്‍, വലിപ്പം കുറഞ്ഞ എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, മുന്നിലേതിന് സമാനമായ ബമ്പര്‍ എന്നിവയാണ് പിന്‍ഭാഗത്ത നല്‍കിയിട്ടുള്ളത്.

Force Ghurkha
ഫോഴ്‌സ് ഗുര്‍ഖ | Photo: Force Motors

പുതുതലമുറ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് അകത്തളം ഒരുക്കിയിട്ടുള്ളത്. നാല് ക്യാപ്റ്റന്‍ സീറ്റുകളാണ് ഇന്റീരിയറിലെ പ്രധാന പ്രത്യേകത. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കെന്‍വുഡ് സ്റ്റിയറിയോ സിസ്റ്റം, സിംപിളായി ഒരുക്കിയിട്ടുള്ള സ്റ്റിയറിങ്ങ് വീല്‍, മാനുവല്‍ എ.സി, യു.എസ്.ബി. ചാര്‍ജിങ്ങ് സോക്കറ്റ് എന്നിവയാണ് ഇന്റീരിയറില മറ്റ് ഫീച്ചറുകള്‍.

Force Ghurkha
ഫോഴ്‌സ് ഗുര്‍ഖ | Photo: Force Motors

2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഗുര്‍ഖയുടെ ഹൃദയം. ഇത് 91 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് മോഡലായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 4116 എം.എം. നീളം, 1812 എം.എം. വീതി, 2075 എം.എം. ഉയരം, 2400 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അഴകളവുകള്‍. ഗ്രീന്‍, ഓറഞ്ച്, റെഡ്, വൈറ്റ്, ഗ്രേ എന്നീ നിറങ്ങളിലും ഗുര്‍ഖ നിരത്തിലെത്തും.

Content Highlights: New Generation Force Ghurkha Unveiled In India