-
ഡാറ്റ്സണ്‍ വാഹനനിരയിലെ കുഞ്ഞനായ റെഡി-ഗോ കൂടുതല്‍ സ്പോര്‍ട്ടി ഭാവത്തില്‍ വരവിനൊരുങ്ങുന്നു. മുന്‍ മോഡലില്‍ നിന്ന് ലുക്കിലും ഫീച്ചറിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ഈ വാഹനം എത്തുന്നതെന്നാണ് സൂചന. പുതിയ മോഡലിന്റെ വരവറിയിച്ച് ഡാറ്റ്സണിന്റെ മാതൃകമ്പനിയായ നിസാന്‍ റെഡി-ഗോയുടെ ടീസര്‍ പുറത്തുവിട്ടു.
ടീസര്‍ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ മുഖഭാവത്തില്‍ കാര്യമായ മാറ്റമാണ് വരുത്തിയിരിക്കുന്നത്. വീതി കുറച്ച് പുതുക്കി പണിതിട്ടുള്ള ഹെഡ്ലാമ്പ്, എല്‍ ഷേപ്പിലുള്ള വലിയ എല്‍ഇഡി ഡിആര്‍എല്‍ ഹണികോംമ്പ് ഡിസൈനിലുള്ള വലിയ ഗ്രില്ല്, ബോണറ്റിന് വശങ്ങളിലെ ബാഡ്ജിങ്ങ് എന്നിവയാണ് മുഖഭാവത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍.
പിന്നിലേക്കും പുതുമയുണ്ടെന്നാണ് ടീസര്‍ വെളിപ്പെടുത്തുന്നത്. ഡിസൈന്‍ മാറ്റം വരുത്തിയിട്ടുള്ള ടെയ്ല്‍ലാമ്പ്, സ്പോര്‍ട്ടി ഭാവമുള്ള റൂഫ് റെയില്‍ എന്നിവയും ഇതിലുണ്ട്. എന്‍ട്രി ലെവല്‍ വാഹനനിരയിലെ ഏറ്റവും സ്പോര്‍ട്ടിയായ മോഡലായാണ് റെഡി-ഗോ മടങ്ങിയെത്തിയിരിക്കുന്നതെന്ന് സൂചന. വൈകാതെ തന്നെ ഇത് നിരത്തുകളിലെത്തും.
സുരക്ഷയ്ക്ക് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതിന്റെ ഭാഗമായി റെഡി-ഗോയുടെ ബോഡി കൂടുതല്‍ കരുത്തുറ്റതായിട്ടുണ്ടെന്നാണ് സൂചന. ഈ വര്‍ഷം മുതല്‍ ഇന്ത്യയിലെ വാഹനങ്ങളും ക്രാഷ് ടെസ്റ്റിനെ അതിജീവിക്കണമെന്ന നിബന്ധനയുടെ ഭാഗമായാണ് കൂടുതല്‍ കരുത്തുറ്റ ബോഡി ഈ വാഹനത്തില്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്റീരിയറില്‍ ചുരുങ്ങിയ മാറ്റങ്ങള്‍ മാത്രമേ വരുത്തൂവെന്നാണ് വിവരം. ഡാഷ്ബോര്‍ഡ് പുതിയ ഡിസൈനിലായിരിക്കും ഒരുങ്ങുക. ഇതിനൊപ്പം ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്യുവല്‍ എയര്‍ബാഗും ഈ വാഹനത്തില്‍ ഇടംപിടിക്കുന്നുണ്ട്. സ്റ്റിയറിങ്ങ് വീല്‍, എയര്‍ കണ്ടീഷന്‍ യൂണിറ്റ് എന്നിവ മുന്‍ മോഡലിലേത് തുടരും.
ബിഎസ്-6 നിലവാരത്തിലുള്ള 0.8, 1.0 ലിറ്റര്‍ എന്‍ജിനുകളിലായിരിക്കും റെഡി-ഗോ എത്തുക. 1.0 ലിറ്റര്‍ എന്ജിന് 54 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കും, 0.8 ലിറ്റര്‍ എന്ജിന് 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്സ്മിഷനുകളില് ഈ വാഹനം നിരത്തുകളിലെത്തുന്നുണ്ട്.
Content Highlights: New Generation Datsun Redi-Go Ready To Launch; Teaser Released
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..