ടാറ്റയുടെ വാഹനങ്ങള്‍ അടിമുടി മാറുന്നുവെന്നത് വെറും വാക്കല്ല, കാറുകളുടെ ഡിസൈനിനൊപ്പം പ്ലാറ്റ്‌ഫോമും മാറ്റാനുള്ള തയാറെടുപ്പിലാണ് ടാറ്റ. പുറത്തിറങ്ങാനൊരുങ്ങുന്ന അല്‍ട്രോസില്‍ നല്‍കിയിട്ടുള്ള അല്‍ഫാ പ്ലാറ്റ്‌ഫോമാണ് ടാറ്റയുടെ കൂടുതല്‍ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്നത്.

ടാറ്റയുടെ ഹാച്ച്ബാക്ക് മോഡലായ ടിയാഗോ, സെഡാന്‍ മോഡലായ ടിഗോര്‍, കോംപാക്ട് എസ്‌യുവിയായ നെക്‌സോണ്‍ എന്നീ വാഹനങ്ങളിലാണ് അല്‍ഫാ (അജയ്ല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്) പ്ലാറ്റ്‌ഫോം നല്‍കുന്നത്. 

ടാറ്റയുടെ എക്‌സ്ഒ പ്ലാറ്റ്‌ഫോമിലാണ് നിലവില്‍ ടിയാഗോ, ടിഗോര്‍ എന്നീ വാഹനങ്ങള്‍ ഒരുങ്ങുന്നത്. അതേസമയം, ടാറ്റയുടെ തന്നെ പഴയ എക്‌സ്1 ആര്‍കിടെക്ചറിലാണ് നെക്‌സോണിന്റെ നിര്‍മാണം നടത്തിയിട്ടുള്ളത്. 

ടാറ്റയില്‍ നിന്ന് ഇനി നിരത്തിലെത്താനിരിക്കുന്ന വാഹനങ്ങള്‍ക്കും അല്‍ഫാ പ്ലാറ്റ്‌ഫോമായിരിക്കും അടിസ്ഥാനമൊരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ കരുത്തുള്ളതും എന്നാല്‍, താരതമ്യേന ഭാരം കുറഞ്ഞതുമാണ് ഈ പ്ലാറ്റ്‌ഫോമെന്നാണ് റിപ്പോര്‍ട്ട്.

ജാഗ്വര്‍-ലാന്‍ഡ് റോവര്‍ കമ്പനിയുമായി ചേര്‍ന്ന് ടാറ്റ വികസിപ്പിച്ചിട്ടുള്ള ഒമേഗ (ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) പ്ലാറ്റ്‌ഫോമാണ് ടാറ്റയുടെ പ്രീമിയം എസ്‌യുവിയായ ഹാരിയര്‍ നല്‍കിയിട്ടുള്ളത്.

Content Highlights: New-Gen Tata Nexon, Tiago & Tigor To Be Based On Alfa Platform