തലയെടുപ്പുള്ള എസ്‌യുവിയായി ഇന്ത്യക്കാര്‍ക്ക് മുന്നിലെത്തിയ വാഹനമാണ് മഹീന്ദ്ര സ്‌കോര്‍പിയോ. പലതവണ തലമുറ മാറ്റത്തിന് വിധേയമായ ഈ വാഹനം 2020-ഓടെ പുതിയ ഭാവത്തിലും പുത്തന്‍ കരുത്തിലും കൂടുതല്‍ ദൃഢമായ പ്ലാറ്റ്‌ഫോമിലും വീണ്ടും നിരത്തിലെത്താനൊരുങ്ങുന്നു.
കാഴ്ചയില്‍ മുന്‍തലമുറ മോഡലുകളെക്കാള്‍ ഏറെ വ്യത്യസ്തമായിരിക്കും ഈ പതിപ്പ്. പുതിയ ഡിസൈനില്‍ ഒരുങ്ങുന്ന ഗ്രില്ല്, ക്ലാഡിങ്ങും സ്‌കിഡ് പ്ലേറ്റും നല്‍കിയിട്ടുള്ള ബംമ്പര്‍, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഫോഗ്‌ലാമ്പ് എന്നിവ മുന്‍വശത്തിന് പുതുമയൊരുക്കും.
പുറത്തേക്ക് തള്ളി നില്‍ക്കുന്ന വീല്‍ ആര്‍ച്ച്, വാഹനത്തിന് ചുറ്റിലും നീളുന്ന ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, പുതിയ റിയര്‍ വ്യൂ മിറര്‍, ബോഡി ഷോള്‍ഡര്‍ ലൈന്‍, റൂഫ് റെയില്‍, പുതിയ ടെയ്ല്‍ ലൈറ്റ് ഉള്‍പ്പെടെ അഴിച്ചുപണിത പിന്‍വശം എന്നിവയും 2020 സ്‌കോര്‍പിയോയെ ആകര്‍ഷകമാക്കും.
കംഫര്‍ട്ടബിള്‍ യാത്രയ്ക്കും കണക്ടിവിറ്റി സംവിധാനങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ഇന്റീരിയറായിരിക്കും ഈ വാഹനത്തിലുണ്ടാകുക. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, പുതിയ ഡിസൈനില്‍ ഒരുങ്ങുന്ന ഡാഷ്‌ബോര്‍ഡ് എന്നിവ ഇന്റീരിയറിനെ സമ്പന്നമാക്കും.
നിരത്തിലെത്താനൊരുങ്ങുന്ന ഥാറിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോം തന്നെയാണ് സ്‌കോര്‍പിയോയുടെയും അടിസ്ഥാനം. കൂടുതല്‍ ബോഡി കണ്‍ട്രോള്‍ നല്‍കുന്ന ഈ പ്ലാറ്റ്‌ഫോം ക്രാഷ് ടെസ്റ്റിനെ അതിജീവിക്കാന്‍ കരുത്തുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.
ഇത്തവണ സ്‌കോര്‍പിയോയില്‍ പെട്രോള്‍ എന്‍ജിനും ഇടംപിടിക്കുമെന്നാണ് സൂചന. ഇതിനുപുറമെ, ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും സ്‌കോര്‍പിയോ എത്തും. 158 ബിഎച്ച്പിയാണ് ഈ എന്‍ജിന്‍ കരുത്ത്.
Content Highlights: New Gen Scorpio Get Petrol Engine, New Design And Platform