ഹോണ്ടയുടെ പ്രീമിയം സെഡാന്‍ മോഡലായ സിവികിന്റെ മടങ്ങിവരവിനുള്ള കളമൊരുങ്ങി കഴിഞ്ഞു. അടുത്തമാസം നിരത്തിലെത്തുമെന്ന സൂചനകള്‍ നല്‍കി പരീക്ഷണയോട്ടം തകൃതിയാക്കുകയാണ് ഈ സ്‌റ്റൈലന്‍ സെഡാന്‍. 

മൂടിക്കെട്ടലുകള്‍ ഒന്നുമില്ലാതെ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറെ സ്റ്റൈലിഷായിരിക്കുമെന്ന് വിശ്വസിക്കുന്ന പുതിയ സിവിക്കിന്റെ പിന്‍ഭാഗമാണ് ക്യാമറയില്‍ പതിഞ്ഞത്. 

മുന്‍ തലമുറയില്‍ നിന്ന് വലിയ മാറ്റങ്ങളാണ് പിന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. ബൂട്ട് ഡോറിലേക്ക് നീളുന്ന സി-ഷേപ്പ് എല്‍ഇഡി ടെയ്ല്‍ ലാമ്പും രൂപമാറ്റം വരുത്തിയ ബമ്പറുമാണ് ഇതില്‍ പ്രധാനം. ബമ്പറിന്റെ താഴെയായി നല്‍കിയിട്ടുള്ള ക്രോമിയം ക്യാറക്ടര്‍ ലൈന്‍ പിന്‍ഭാഗത്തിന് സ്‌പോര്‍ട്ടി ഭാവം പകരുന്നുണ്ട്.

പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നതെന്ന് മുന്‍ ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. 18 ഇഞ്ച് അലോയ് വീലുകളും ഇതിലുണ്ട്.

Civic-3

7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയും ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റിയറിങ് എന്നിവ സിവികിലെ പുതുമയാണ്. 

കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എ.ബി.എസ്. എന്നിവയാണ് സിവിക്കിന് സുരക്ഷയൊരുക്കുന്നത്.

രണ്ട് എന്‍ജിന്‍ പതിപ്പുകള്‍ ഹോണ്ട സിവിക്കില്‍ പ്രതീക്ഷിക്കാം. ഒന്ന്, 1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍ എന്‍ജിനും മറ്റൊന്ന് 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്‍ജിനും. പെട്രോള്‍ എന്‍ജിന് 138 ബി.എച്ച്.പി. കരുത്തും 176 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും രണ്ടിലുമുണ്ടായിരിക്കുക. 

ടൊയോട്ട കൊറോള, ഹ്യുണ്ടായി എലാന്‍ട്ര, സ്‌കോഡ ഒക്ടാവിയ എന്നീ സെഡാന്‍ മോഡലുകളുമായിട്ടാരിക്കും പുതിയ സിവിക് നിരത്തില്‍ ഏറ്റുമുട്ടുക.

Content Highlights: New-Gen Honda Civic Spotted Ahead Of Launch