ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവി ശ്രേണി വീണ്ടും വലുതാവുകയാണ്. ഇക്കോ സ്‌പോര്‍ട്ടിന് പിന്നാലെ ഫോര്‍ഡ് പ്യൂമ എന്ന വാഹനമാണ് ഫോര്‍ഡ് എത്തിക്കുന്നത്. തുടക്കത്തില്‍ വിദേശ വിപണിയിലെത്തുന്ന ഈ വാഹനം ഇന്ത്യന്‍ നിരത്തുകളിലും പ്രതീക്ഷിക്കാം.

ഇക്കോ സ്‌പോര്‍ട്ടിന് മുകളില്‍ സ്ഥാനമുള്ള ഈ വാഹനം ഹ്യുണ്ടായി ക്രെറ്റ, ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് എന്നീ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടുന്നത്. 4.2 മീറ്റര്‍ നീളമുള്ള ഈ വാഹനം ഫിയസ്റ്റയുടെ പ്ലാറ്റ്‌ഫോമിലായിരിക്കും നിര്‍മിക്കുക. 

കാഴ്ചയില്‍ ഏറെ സ്മാര്‍ട്ടായ മോഡലാണ് പ്യൂമ. ക്രോമിയം ആവരണമുള്ള ഹെക്‌സഗണല്‍ ഗ്രില്ലും വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പും, ബമ്പറില്‍ താഴെ ഭാഗത്തായി നല്‍കിയിട്ടുള്ള ക്ലാഡിങ്ങളും പ്യൂമയുടെ സൗന്ദര്യത്തിന് മുതല്‍കൂട്ടാവുന്നുണ്ട്.

Ford Puma

ഫോര്‍ഡിന്റെ കുഗ എന്ന എസ്‌യുവിയുമായി രൂപ സാദൃശ്യമുള്ള വാഹനമാണ് പ്യുമ. ഇന്ത്യയില്‍ മഹീന്ദ്രയുമായി ചേര്‍ന്നായിരിക്കും ഫോര്‍ഡ് ഈ വാഹനം നിര്‍മിക്കുകയെന്നാണ് വിവരം. 2020-ഓടെ പ്യൂമ ഇന്ത്യയിലെത്തുമെന്നും സൂചനയുണ്ട്.

1.0 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് പ്യൂമ എത്തുന്നത്. ഫോര്‍ഡിന്റെ ഹാച്ച്ബാക്ക് മോഡലായ ഫിയസ്റ്റയില്‍ നല്‍കിയിരുന്ന എന്‍ജിനും ഗിയര്‍ബോക്‌സും തന്നെയായിരിക്കും ഈ വാഹനത്തിലും നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: New Ford Puma SUV to sit above the EcoSport