മേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഫിഗോയുടെ പുതിയ ക്രോസ്ഓവര്‍ മോഡല്‍ ഉടന്‍ വിപണിയിലെത്തും. ഫിഗോ ക്രോസ് എന്നാണോ ഫ്രീസ്റ്റൈല്‍ എന്നാണോ പുതിയ പതിപ്പിന്റെ പേരെന്ന് ഉറപ്പായിട്ടില്ല. ജനുവരി 31-ന് ഔദ്യോഗികമായി ഫിഗോ ക്രോസ് പുറത്തിറക്കുമെന്നാണ് സൂചന. 

1.2 ലിറ്റര്‍ ഡ്രാഗണ്‍ പെട്രോള്‍ എന്‍ജിന്‍ ഫിഗോ ക്രോസ് ബോണറ്റിനടിയില്‍ പുതുതായി സ്ഥാനം പിടിക്കും. ഫോര്‍ഡ് നിരയില്‍ കോംപാക്ട് എസ്.യു.വി ഇക്കോസ്‌പോര്‍ട്ടിന് താഴെയായിരിക്കും ഫിഗോ ക്രോസിന്റെ സ്ഥാനം. ക്രോസ് ഓവര്‍ മോഡല്‍ ആയതിനാല്‍ ഫിഗോയെക്കാള്‍ ഉയരവും കരുത്തുറ്റ രൂപവും ക്രോസിനുണ്ടാകും. 

മുന്‍വശത്തും പിറകിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ആറ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എയര്‍ ബാഗ്, എബിഎസ് തുടങ്ങിയ ഫീച്ചറുകളുണ്ടാവും. വില സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 5.50 ലക്ഷം രൂപ മുതല്‍ 8.5 ലക്ഷം വരെയാകും ഏകദേശ വിപണി വില. 

95 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുന്നതാകും പുതിയ പെട്രോള്‍ എന്‍ജിന്‍. 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് തുടരാനും സാധ്യതയുണ്ട്. ഫോക്‌സ് വാഗണ്‍ ക്രോസ് പോളോ, ഹ്യുണ്ടായി i20 ആക്ടീവ്, ടൊയോട്ട എതിയോസ് ക്രോസ്, ഫിയറ്റ് അവഞ്ചുറ എന്നിവരാകും ഫിഗോ ക്രോസിന്റെ എതിരാളികള്‍. 

Content Highlights; New Ford Figo Cross Launch On January 31