കോംപാക്ട് സ്പോര്‍ട്സ് യൂട്ടിലിറ്റി ശ്രേണിയിലെ മുന്‍നിര മോഡലായ ഫോര്‍ഡ് എക്കോസ്പോര്‍ട്ട് അടിമുടി പുതിയ രൂപത്തില്‍ നവംബര്‍ ഒമ്പതിന് അവതരിക്കും. ഇതിന് മുന്നോടിയായി നവംബര്‍ അഞ്ചിന് ആമസോണ്‍ വഴി ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കും. പതിനായിരം രൂപ നല്‍കി ആദ്യ 123 ഉപഭോക്താക്കള്‍ക്കാണ് ആമസോണ്‍ വഴി വാഹനം ബുക്ക് ചെയ്യാനാകുക. 24 മണിക്കൂറാണ് ബുക്കിങ് സമയം. വാഹനത്തിന്റെ അകത്തും പുറത്തും രൂപത്തിലെ മാറ്റത്തിനൊപ്പം മെക്കാനിക്കല്‍ ഫീച്ചറിലും ഇത്തവണ ചെറിയ മാറ്റമുണ്ടാകും. പുതുമുഖ താരം ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ബ്രെസ എന്നിവയാണ് എക്കോസ്‌പോര്‍ട്ടിന്റെ പ്രധാന എതിരാളികള്‍. 

മുന്‍മോഡലിനെക്കാള്‍ കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ Ti-VCT പെട്രോള്‍ എന്‍ജിനാണ് പുതിയ പതിപ്പിലുണ്ടാവുക. 121.3 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. ഇതോടെ ഈ സെഗ്മെന്റില്‍ ഏറ്റവും അധികം കരുത്ത് നല്‍കുന്ന മോഡലും ഇനി എക്കോസ്പോര്‍ട്ട് ആയിരിക്കും. നേരത്തെയുണ്ടായിരുന്ന 1.5 ലിറ്റര്‍ TDCi ഡീസല്‍, 1.0 ലിറ്റര്‍ എക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍ അതേപടി പുതിയ പതിപ്പിലും തുടരും. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് പവര്‍ഷിഫ്റ്റ് ഡ്യുവല്‍ ക്ലച്ച് ആയിരിക്കും ഗിയര്‍ബോക്സ്. 

രൂപത്തിലെ മാറ്റത്തില്‍ പ്രധാനം മുന്‍ഭാഗത്തെ ഹെക്സഗണല്‍ ഗ്രില്‍ ആണ്. ബംമ്പറും മാറ്റിപ്പണിതു. ഹെഡ്ലാംമ്പിലും ഫോഗ് ലാംമ്പിലും മാറ്റമുണ്ട്. പുതിയ ഡിസൈനിലാണ് 17 ഇഞ്ച് അലോയി വീല്‍. അകത്തളത്ത് ഫോര്‍ഡിന്റെ SYNC 3 സോഫ്റ്റ് വെയറിലുള്ള 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റമാണ് പ്രധാന ആകര്‍ഷണം. നവീകരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം സ്റ്റിയറിങ് വീലും പരിഷ്‌കരിച്ചു. അതേസമയം വാഹനത്തിന്റെ ഇരുവശങ്ങളിലും പിന്നിലെയും ഡിസൈന്‍ നിലവിലുള്ള എക്കോസ്പോര്‍ട്ടിന് സമാനമാണ്. 

ആംബിയന്റ്, ട്രെന്റ്, ട്രെന്റ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ അഞ്ചു പതിപ്പുകളില്‍ പുതിയ എക്കോസ്‌പോര്‍ട്ട് പുറത്തിറങ്ങും. 7.5 ലക്ഷം മുതല്‍ 11 ലക്ഷം വരെയാകും വാഹനത്തിന്റെ എക്സ്ഷോറൂം വില. 

Content Highlights: Ford EcoSport Facelift, New EcoSport, 2017 EcoSport, EcoSport, Ford EcoSport, Ford, EcoSport Amazone Booking, EcoSport Booking