ലോകത്താകമാനം ഇലക്ട്രിക് കാറുകളുടെ പ്രസക്തി കൂടി വരികയാണ്. ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് പാരീസ് ഓട്ടോ ഷോയില്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ പ്രദര്‍ശനത്തിനെത്തിയത്. ഇന്ധനക്ഷാമം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ കാരണങ്ങളാണ് ഇലക്ട്രിക് കാറുകളുടെ സാധ്യത ഉയര്‍ത്തുന്നത്. 

ഔഡി, മെഴ്‌സിഡീസ് ബെന്‍സ് തുടങ്ങിയ കമ്പനികളുടെ ഇലക്ട്രിക് കാറുകളാണ് ഓട്ടോ ഷോയില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്. ചൊവ്വാഴ്ചയാണ് ആഡംബര കമ്പനികളുടെ ഇലക്ട്രിക് കാറുകള്‍ ഓട്ടോഷോയില്‍ അവതരിപ്പിച്ചത്. ഇതിന് പുറമെ, ഹൈബ്രിഡ് കാറുകളും പല വാഹന നിര്‍മാതാക്കളും ഷോയില്‍ എത്തിച്ചിട്ടുണ്ട്. 

ഗ്രീന്‍ ഹൗസ് ഗ്യാസുകളും മലിനീകരണവും തടയുന്നതിനായി യൂറോപ്യന്‍ യൂണിയനും ചൈനയും പോലുള്ള വലിയ ശക്തികള്‍ നിരവധി പദ്ധതികളാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളെ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഇ പശ്ചാത്തലത്തിലാണ് നിലവില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ പുറത്തിറങ്ങുന്ന മോഡലുകളില്‍ പോലും ഇലക്ട്രിക് മോട്ടോര്‍ പരീക്ഷിക്കാന്‍ വാഹന നിര്‍മാതാക്കള്‍ തയാറെടുക്കുന്നത്. സര്‍ക്കാര്‍ തലത്തിലും ഇലക്ട്രിക് കാറുകള്‍ക്ക് സബ്‌സിഡി ഉള്‍പ്പെടെ ഒരുക്കുന്നുണ്ട്.

ഇലക്ട്രിക് കാറുകള്‍ക്ക് പുറമെ, മെഴ്‌സിഡീസിന്റെ പുതിയ ജിഎല്‍ഇ സ്‌പോര്‍ട്ട് യുട്ടിലിറ്റി വാഹനവും ബിഎംഡബ്ല്യുവിന്റെ പുതിയ എക്‌സ്-5 തുടങ്ങിയ പല വാഹനങ്ങളും പാരിസ് ഓട്ടോഷോയില്‍ അവതരിപ്പിച്ചിരുന്നു.