കിയ മോട്ടോഴ്‌സ്, എം.ജി. തുടങ്ങിയ വിദേശ വാഹന നിര്‍മാതാക്കള്‍ക്ക് പിന്നാലെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന കമ്പനിയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍. 2020-ല്‍ ആദ്യ വാഹനമെത്തിക്കാന്‍ ഉറച്ചിരുന്നെങ്കിലും കോവിഡ്-19 ഭീഷണിയെ തുടര്‍ന്ന് ഇത് നീണ്ടുപോകുകയായിരുന്നു. എന്നാല്‍, വരവ് ഇനിയും നീളില്ലെന്നും, 2021-ന്റെ തുടക്കത്തില്‍ തന്നെ സ്‌ട്രോണിന്റെ ആദ്യ വാഹനം ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്നും അടുത്തിടെ ഈ വാഹന നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു.
സിട്രോണിന്റെ ഈ വാക്ക് പാലിക്കപ്പെടുകയാണ്. ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ ഇന്ത്യക്കായി ഒരുക്കുന്ന ആദ്യ മോഡല്‍ സി5 എയര്‍ക്രോസിന്റെ നിര്‍മാണം തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ പ്ലാന്റില്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്താണ് ഈ വാഹനം നിരത്തുകളില്‍ എത്തുന്നത്. ഇന്ത്യയില്‍ 2.5 ലക്ഷം കിലോമീറ്റര്‍ പരീക്ഷണയോട്ടത്തിന് ശേഷമാണ് ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ സിട്രോള്‍ ആരംഭിച്ചിരിക്കുന്നത്.
സി5 എയര്‍ക്രോസ് എന്ന ഞങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോഡലിലൂടെ സിട്രോണ്‍ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് തുടക്കമിടുകയാണ്. മഹാമാരിയെ തുടര്‍ന്ന് വരവ് അല്‍പ്പം കൂടി വൈകി. കോവിഡ്-19 ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും സി5 എയര്‍ക്രോസിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്ന് സ്റ്റെല്ലാന്റിസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പി.സി.എ ഓട്ടോമോബൈല്‍ ഇന്ത്യ ചെയര്‍മാനുമായ ഇമ്മാനുവല്‍ ഡെലെ പറഞ്ഞു.
മിഡ്-സൈസ് എസ്.യു.വി.ശ്രേണിയിലാണ് സിട്രോള്‍ സി5 എയര്‍ക്രോസ് എത്തുന്നത്. എസ്.യു.വികളുടെ എല്ലാ ഭാവങ്ങളും ഉള്‍പ്പെടുത്തിയാണ് സി5 എയര്‍ക്രോസിന്റെ ഡിസൈന്‍. ക്രോമിയം-ബ്ലാക്ക് ഫിനീഷിങ്ങില്‍ രണ്ട് തട്ടുകളായി ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, പവര്‍ ലൈനുകളുള്ള ഉയര്‍ന്ന ബോണറ്റ്, ഡ്യുവല്‍ ബീം എല്‍.ഇ.ഡി.ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ക്ലാഡിങ്ങ് ആവരണത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ്, മികച്ച അലോയി വീലുകള്‍, ഫ്ളോട്ടിങ്ങ് റൂഫ് എന്നിവയാണ് എക്സ്റ്റീരിയറിനെ സ്‌റ്റൈലിഷാക്കുന്നത്.
എന്‍ജിന്‍ സംബന്ധിച്ച് കൃത്യമായ വിവരം നല്‍കിയിട്ടില്ലെങ്കിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഈ എസ്.യു.വിയുടെ ഹൃദയമെന്നാണ് സൂചന. ഇത് 177 ബി.എച്ച്.പി. പവറും 400 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ എന്നീ ട്രാന്‍സ്മിഷനുകള്‍ ഇതില്‍ നല്‍കിയേക്കും. ഇന്ത്യയിലെ പ്രധാനപ്പെട്ട 10 നഗരങ്ങളിലായിരിക്കും സിട്രോണ്‍ ആദ്യമെത്തുക. പിന്നീട് നെറ്റ്വര്‍ക്ക് വിപുലമാക്കാനാണ് പദ്ധതികള്‍.
Content Highlights: New Citroen C5 Aircross SUV Rolls Out From Thiruvallur Plant