ന്ത്യന്‍ നിരത്തുകളില്‍ കരുത്ത് തെളിയിക്കാന്‍ ഒരുങ്ങുന്ന ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ ആദ്യ മോഡല്‍ ഏപ്രില്‍ ഏഴിന് അവതരിപ്പിക്കും. പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ സി5 എയര്‍ക്രോസ് ആണ് സിട്രോണിന് ഇന്ത്യയില്‍ വഴിയൊരുക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വലായായിരിക്കും ഈ വാഹനത്തിന്റെ അവതരണമെന്ന് സിട്രോണ്‍ ഇന്ത്യ അറിയിച്ചു. സിട്രോണ്‍ സി.ഇ.ഒ, സീനിയര്‍ വൈസ് പ്രസിഡന്റ്, മാര്‍ക്കറ്റിങ്ങ് മേധാവി എന്നിവരാണ് വാഹനം അവതരിപ്പിക്കുന്നത്. 

വരവിന് മുന്നോടിയായി മാര്‍ച്ച് ഒന്ന് മുതല്‍ സി5 എയര്‍ക്രോസിന്റെ ബുക്കിങ്ങ് ആരംഭിച്ചിരുന്നു. 50,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് കമ്പനിയുടെ തമിഴ്നാട്ടിലെ തിരുവള്ളൂര്‍ പ്ലാന്റില്‍ അസംബിള്‍ ചെയ്തായിരിക്കും സി 5 എയര്‍ക്രോസ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുക. ഈ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ അവതരണ വേളയിലായിരിക്കും പ്രഖ്യാപിക്കുക. 

ഫീല്‍, ഷൈന്‍ എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും സി 5 എയര്‍ക്രോസ് ഇന്ത്യയില്‍ എത്തുക. ഇന്ത്യക്കാര്‍ കണ്ട് പഴകിയിട്ടില്ലാത്ത ഡിസൈന്‍ ശൈലിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ഡി.ആര്‍.എല്‍., കോര്‍ണറിങ്ങ് ഫങ്ങ്ഷനുള്ള ഫോഗ്ലാമ്പ്, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീല്‍, ഇലക്ട്രിക് ടെയ്ല്‍ഗേറ്റ്, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, തുടങ്ങിയവയാണ് സി5 എയര്‍ക്രോസിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ആകര്‍ഷകമാക്കുന്നത്. 

ഫീച്ചര്‍ സമ്പന്നമാണ് സി 5 എയര്‍ക്രോസിന്റെ അകത്തളം. ആപ്പിള്‍ കാര്‍പ്ലേ-ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ്, കൂടുതല്‍ യാത്രാസുഖം നല്‍കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത പാസഞ്ചര്‍ സീറ്റുകള്‍ എന്നിവയാണ് ഈ പ്രീമിയം എസ്.യു.വിയുടെ അകത്തളത്തിന് ആഡംബര ഭാവം നല്‍കുന്നത്. 

കരുത്തുറ്റ ഡീസല്‍ എന്‍ജിനിലാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്.യു.വി. ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 177 പി.എസ്. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 18.5 കിലോമീറ്റര്‍ എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയും ഈ വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. ശക്തമായ സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തില്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Content Highlights: New Citroën C5 Aircross SUV I India Launch On 07 April 2021