ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി പുതിയ A6 ലക്ഷ്വറി സെഡാന്‍ ഇന്ത്യയില്‍ പുറത്തിറക്കി. എട്ടാംതലമുറ A6 മോഡലാണിത്. 54.20 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മുന്‍മോഡലില്‍ നിന്ന് ചില മാറ്റങ്ങളോടെയെത്തിയ പുതിയ A6 പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് വകഭേദങ്ങളിലാണ് ലഭ്യമാവുക. ഡീസല്‍ എന്‍ജിന്‍ ഇല്ലാതെ പെട്രോളില്‍ മാത്രമാണ് A6 പുറത്തിറങ്ങിയത്. 

പ്രൗഡി വിളിച്ചോതുന്ന വലിയ ഹെക്‌സഗണല്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, 18 ഇഞ്ച് അലോയി വീല്‍, പുതുക്കിപ്പണിത ഡാഷ്‌ബോര്‍ഡ്, ട്വിന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫെടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവര്‍ പനോരമിക് സണ്‍റൂഫ്, 4 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹാന്‍ഡ് ഫ്രീ പാര്‍ക്കിങ് എന്നിങ്ങനെ നീളുന്നു പുതിയ A6 സെഡാനിലെ ഫീച്ചേഴ്‌സ്. 

മുന്‍മോഡലിനെക്കാള്‍ നീളവും വീതിയു ഉയരവും ഇതിന് കൂടുതലുണ്ട്. 4939 എംഎം നീളവും 1886 എഎം വീതിയും 1457 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്. സുരക്ഷയ്ക്കായി എട്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സര്‍, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡ് ഫങ്ഷനോടുകൂടിയ ഇലക്ട്രിക് പാര്‍ക്കിങ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്. 

ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 245 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 7 സ്പീഡ് എസ് ട്രോണിക്കാണ് ട്രാന്‍സ്മിഷന്‍. 6.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താന്‍ A6ന് സാധിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത. 

വൈറ്റ്, ബ്ലൂ, ബ്ലാക്ക്, റെഡ്, ഗ്രേ എന്നീ അഞ്ച് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. മെഴ്‌സിഡിസ് ബെന്‍സ് E ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, വോള്‍വോ S90, ജഗ്വാര്‍ XF എന്നിവയാണ് വിപണിയില്‍ ഔഡി A6ന്റെ എതിരാളികള്‍.

Content Highlights; New Audi A6 launched in india