മെഴ്‌സിഡസ് വാക്കുപാലിക്കുന്നു, കൂടുതല്‍ കരുത്തുള്ള വാഹനങ്ങളെ നിരത്തിലെത്തിക്കുമെന്ന് നല്‍കിയ വാഗ്ദാനം ബെന്‍സ് എ.എം.ജി. ജി.63-യുടെ പുതിയ പതിപ്പിന്റെ വരവോടെ നിറവേറ്റിയിരിക്കുകയാണ്. 

പവര്‍ഫുള്‍ വാഹനങ്ങള്‍ക്ക് പേരുകേട്ട ശ്രേണിയാണ് എ.എം.ജി. ഈ ശ്രേണിയില്‍ ബെന്‍സിനുണ്ടായിരുന്ന എ.എം.ജി 63-യുടെ പുതിയ മോഡല്‍ വീണ്ടും അവതരിപ്പിക്കുകയാണ്. കരുത്തിനൊപ്പം കൂടുതല്‍ സ്റ്റൈലിഷായാണ് എ.എം.ജി 63-യുടെ രണ്ടാം വരവ്.

പുതിയ ഡിസൈന്‍ നല്‍കിയിരിക്കുന്ന പാനമേരിക്കാന ഗ്രില്ല്, ടോപ്പ് എന്‍ഡ് മോഡലില്‍ റൗണ്ട് ഷേപ്പിലുള്ള ഡേ ടൈം റണ്ണിങ് ലൈറ്റ്, എല്‍ഇഡി ലൈറ്റ് നല്‍കിയിരിക്കുന്ന ഹെഡ്, ടെയില്‍ ലാമ്പുകള്‍, 22 ഇഞ്ച് ടയറുകള്‍ എന്നിവായാണ് ജി 63-യിലെ മാറ്റങ്ങള്‍.

ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മിച്ചിരിക്കുന്ന ജി63 ഫോര്‍ വീല്‍ ഡ്രൈവ് മോഡിനൊപ്പം സ്പോര്‍ട്സ് കാറുകളിലുള്ള നിരവധി സവിശേഷതകളും റോക്ക് ക്ലൈംബിങ് ഉള്‍പ്പെടെയുള്ള പുതിയ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാല് ലിറ്ററിന്റെ വി8 ബൈ ടര്‍ബോ എന്‍ജിനാണ് ജി63-ക്ക് കരുത്ത് പകരുന്നത്. ഇത് 585 എച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്റ് മതിയെന്നതാണ് മറ്റൊരു പ്രത്യേകത.

ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ജി.എല്‍. 63 എ.എം.ജി. ഉള്‍പ്പെടെ ഈ ശ്രേണിയില്‍ അഞ്ചു മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. സി 63 എ.എം.ജി., ഇ 63 എ.എം.ജി., ജി 63 എ.എം.ജി., എസ്.എല്‍.കെ. 55 എ.എം.ജി. എന്നിവയാണ് മറ്റു നാലു മോഡലുകള്‍. 2.19 കോടി രൂപ മുതലാണ് ജി63യുടെ വില.

ബെന്‍സ് ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പത്താമത്തെ വാഹനമാണിത്. ഉത്സവകാല സീസണ്‍ മുന്‍നിര്‍ത്തി കൂടുതല്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുകയാണ് ബെന്‍സ്.