കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലെ മുന്‍നിര മോഡലായ ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് അടിമുടി പുതിയ രൂപത്തില്‍ പുറത്തിറക്കി. എന്‍ഡവര്‍ എസ്.യു.വിയുടെ ഗ്രില്‍ അടങ്ങിയ മുന്‍ഭാഗത്തെ ഓര്‍മപ്പെടുത്തുന്നതാണ് പുതിയ എക്കോസ്‌പോര്‍ട്ടിന്റെ രൂപം. വാഹനത്തിന്റെ അകത്തും പുറത്തും രൂപത്തിലെ മാറ്റത്തിനൊപ്പം മെക്കാനിക്കല്‍ ഫീച്ചറിലും ഇത്തവണ മാറ്റമുണ്ട്. 7.31 ലക്ഷം രൂപ മുതല്‍ 10.99 ലക്ഷം വരെയാണ് 2017 എക്കോസ്‌പോര്‍ട്ടിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. പുതുമുഖ താരം ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ എന്നിവയാണ് എക്കോസ്പോര്‍ട്ടിന്റെ പ്രധാന എതിരാളികള്‍. 

മുന്‍മോഡലിനെക്കാള്‍ കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ Ti-VCT പെട്രോള്‍ എന്‍ജിനാണ് പുതിയ പുതിയ എക്കോസ്‌പോര്‍ട്ടിന് കരുത്തേകുക. 121.3 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. ഇതോടെ ഈ സെഗ്മെന്റില്‍ ഏറ്റവും അധികം കരുത്ത് നല്‍കുന്ന മോഡലും ഇനി എക്കോസ്‌പോര്‍ട്ട് ആയിരിക്കും. മുന്‍മോഡലിനെ അപേക്ഷിച്ച് ഏഴ് ശതമാനത്തോളം അധിക ഇന്ധനക്ഷമതയും ഇതില്‍ ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 1.5 ലിറ്റര്‍ TDCi ഡീസല്‍ എന്‍ജിന്‍ പുതിയ പതിപ്പിലും തുടരും. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കുമാണ് (പാഡില്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷന്‍. 

ആംബിയന്റ്, ട്രെന്റ്, ട്രെന്റ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ അഞ്ചു പതിപ്പുകളിലാണ് പുതിയ എക്കോസ്പോര്‍ട്ട് പുറത്തിറങ്ങിയത്. മുന്‍ഭാഗത്തെ ഹെക്‌സഗണല്‍ ഗ്രില്ലിനൊപ്പം ബംമ്പറും മാറ്റിപ്പണിതു. പുതിയ പ്രൊജക്ടര്‍ ലെന്‍സോടുകൂടിയ ഹാലജന്‍ ലൈറ്റും പുതുക്കിയ എല്‍.ഇ.ഡി ഡേടൈം റണ്ണിങ്‌ ലൈറ്റും പുതിയ ഫോഗ് ലൈറ്റുമാണ് മുഖ്യമായ മറ്റു മാറ്റങ്ങള്‍. പുതിയ ഡിസൈനിലാണ് 17 ഇഞ്ച് അലോയി വീല്‍. 

Ecosport

അകത്തളത്ത് ഫോര്‍ഡിന്റെ SYNC 3 സോഫ്റ്റ് വെയറിലുള്ള 8 ഇഞ്ച് ഫ്‌ളോട്ടിങ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന ആകര്‍ഷണം. നവീകരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം സ്റ്റിയറിങ് വീലും പരിഷ്‌കരിച്ചിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, ഇബിഡി, ഓട്ടോമാറ്റിക് ഡോര്‍ ലോക്ക്, എന്‍ജിന്‍ ഇമ്മോബിലൈസര്‍ എന്നിവ എല്ലാ പതിപ്പിലും സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്. ടോപ് വേരിയന്റായ ടൈറ്റാനിയം പ്ലസില്‍ കര്‍ട്ടണ്‍ എയര്‍ബാഗ്, ISOFIX, ക്രൂയിസ് കണ്‍ട്രോള്‍, റിവേര്‍ഴ്‌സ് പാര്‍ക്കിങ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്ലാംമ്പ്-വൈപ്പര്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചു. 

Ford Ecosport

Content Highlights: Ford Ecosport Facelift, New Ecosport, 2017 Ecosport, Ford Ecosport, Ecosport