വിന്റേജ് കാറുകളെ പോലും വെല്ലുന്ന സ്‌റ്റൈലില്‍ ഹോണ്ട ഒരുക്കിയ ഇലക്ട്രിക് വാഹനമായ അര്‍ബന്‍ ഇലക്ട്രിക് കണ്‍സെപ്റ്റ് വില്‍പ്പനയ്ക്ക് ഒരുങ്ങി. ആദ്യഘട്ടമെന്നോണം ഈ വര്‍ഷം അവസാനം യൂറോപ്യന്‍ വിപണിയിലാണ് ഈ വാഹനം എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

1972 കാലഘട്ടത്തിലെ ഒന്നാം തലമുറ ഹോണ്ട സിവിക് കാറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ഡിസൈന്‍. പൂര്‍ണമായും പുതിയ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ഈ വാഹനത്തിന് ഹോണ്ട ജാസിനെക്കാള്‍ 100 എംഎം നീളം അര്‍ബന്‍ ഇവിക്ക് കൂടുതലുണ്ടെന്നാണ് കമ്പനി പറയുന്നത്. 

ആപ്പിള്‍ കാറുകളെ അനുസ്മരിപ്പിക്കും വിധമാണ് അര്‍ബന്‍ ഇലക്ട്രിക് കണ്‍സെപ്റ്റിന്റെ രൂപകല്‍പ്പന. പതിവ് ശൈലിയില്‍ നിന്ന് മാറി ചെറിയ വൃത്താകൃതിയിലാണ് എല്‍ഇഡി ഹെഡ്ലൈറ്റ്. നടുവിലായി നീല നിറത്തില്‍ ഹോണ്ട ലോഗോ ആലേഖനം ചെയ്തു. മുന്നിലും പിന്നിലും ലൈറ്റുകള്‍ക്കിടിയില്‍ ഇന്റഗ്രേറ്റഡ് ബോര്‍ഡുകളും ഒരുക്കിയിട്ടുണ്ട്.

Honda EV

ത്രീ ഡോര്‍ ഫോര്‍ സീറ്ററായാണ് കണ്‍സെപ്റ്റ് മോഡല്‍ എത്തിയത്. പഴയ കാറുകളില്‍ നല്‍കിയിരുന്നത് പോലെ മുന്നില്‍നിന്ന് പിന്നിലേക്ക് വലിച്ച് തുറക്കാവുന്ന ഡോറുകളാണ് ഇതിലുണ്ടായിരുന്നത്. എന്നാല്‍ പ്രൊഡക്ഷന്‍ സ്പെക്കില്‍ ഈ രീതി തുടരുമോയെന്ന് ഉറപ്പില്ല. നിരത്തിലെത്തുമ്പോള്‍ 5 സീറ്ററിലാണ് അര്‍ബന്‍ ഇവി ലഭ്യമാകുക. 

വൈറ്റ് മള്‍ട്ടി സ്പോക്ക് ശൈലിയിലാണ് അലോയി വീല്‍. ഡിസൈനിങ്ങില്‍ പുരാതനമാണെങ്കിലും അകത്തളത്തില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നീളമേറിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡാഷ്ബോര്‍ഡിന് മുകളില്‍ സ്ഥാനംപിടിച്ചു. ഡാഷ്ബോര്‍ഡ് മുഴുവന്‍ ആവരണം ചെയ്യാന്‍ മാത്രം വലുപ്പമേറിയതാണിത്. 

Honda EV

ബോണറ്റിലാണ് ചാര്‍ജിങ് പ്ലഗ്. വളരെ നേര്‍ത്ത എ പില്ലര്‍ ഡ്രൈവര്‍ക്ക് നിരത്തിലേക്ക് കൂടുതല്‍ കാഴ്ച നല്‍കും. വാഹനത്തിലെ അഡ്വാന്‍സ്ഡ് ഓട്ടോമാറ്റഡ് നെറ്റ്വര്‍ക്ക് അസിസ്റ്റന്‍സ് ഡ്രൈവര്‍ക്ക് കൂടുതല്‍ മുതല്‍ക്കൂട്ടാകും. 

ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 200 കിലോമീറ്റര്‍ പിന്നിടാന്‍ സാധിക്കുന്ന ബാറ്ററിയായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. 30 മിനിറ്റ് കൊണ്ട് ബാറ്ററി 80 ശതമാനം ചാര്‍ജ് ആകുമെന്നുമാണ് ഹോണ്ട അവകാശപ്പെടുന്നത്.

Honda EV

Content Highlights: Near-production Honda Urban EV revealed