ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാവാഹന വിഭാഗം വേര്‍പെടുത്തി പ്രത്യേക കമ്പനിയാക്കാന്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ (എന്‍.സി.എല്‍.ടി.) അനുമതി നല്‍കി. 2021 മാര്‍ച്ചില്‍ ഇതിന് ഓഹരിയുടമകള്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്തിമ അനുമതിക്കായി എന്‍.സി.എല്‍.ടി.യെ സമീപിച്ചത്. മാര്‍ച്ച് അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ 99.409 ശതമാനം ഓഹരിയുടമകളും ഇതിനെ അനുകൂലിച്ചതായി കമ്പനി അറിയിച്ചിരുന്നു. ആകെ 215.41 കോടി വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 215.32 കോടിയും മാറ്റത്തിന് അനുകൂലമായിരുന്നു. 

ടാറ്റ മോട്ടോഴ്‌സില്‍ 9,417 കോടി രൂപ മൂല്യമുള്ള വിഭാഗമാണ് യാത്രാവാഹനങ്ങളുടേത്. വില്‍പ്പന കുറവായതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പങ്കാളികളെ കണ്ടെത്തുന്നതിനുള്‍പ്പെടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്കു കമ്പനിപോയത്. എന്നാല്‍, പുതിയ മോഡലുകളുടെ വരവോടെ ടാറ്റയുടെ കാര്‍ വിപണി കൂടുതല്‍ കരുത്താര്‍ജിച്ചതോടെ പുതിയ പങ്കാളികളെ കണ്ടെത്തുന്നതില്‍നിന്ന് കമ്പനി പിന്‍വലിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റയുടെ യാത്രാവാഹന വിഭാഗത്തെ പ്രത്യേക കമ്പനിയാക്കുന്നത് സംബന്ധിച്ച് മുമ്പ് തന്നെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നതാണ്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മറ്റു കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് അനിവാര്യത അല്ലെന്നായിരുന്നു കമ്പനിയുടെ വിലയിരുത്തല്‍. അതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുഗമമായി മുന്നോട്ടു പോകുന്നതിനാണ് ഇതേക്കുറിച്ച് ആലോചിക്കുന്നതെന്നും മുമ്പ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. 

ഓഹരി ഉടമകളുടെയും ദേശിയ കമ്പനി നിയമ ട്രിബ്യൂണലിന്റെയും അനുമതി ലഭിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ യാത്ര-വാണിജ്യ വാഹന വിഭാഗങ്ങളെ പ്രത്യേക കമ്പനികളാക്കാനുള്ള നടപടികള്‍ വൈകാതെ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഇലക്ട്രിക് വാഹനം ഉള്‍പ്പെടെ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ടാറ്റയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് ടിഗോറും മിനി എസ്.യു.വി. വാഹനമായ പഞ്ചുമാണ് ഉടന്‍ നിരത്തുകളിലെത്തുന്ന മോഡലുകള്‍.

Content Highlights: National Company Law Tribunal Approve Tata Motors Proposal To Form Separate Companies