സുരക്ഷയില്‍ സുസജ്ജമായ ലിമോസിന് (കാഡിലാക് വണ്‍) അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമാണ്. രൂപത്തില്‍ ലിമോസിനുകള്‍ക്ക് സമാനമായി ഒരു മോഡല്‍ നമ്മുടെ ഇന്ത്യയിലും വിലസി നടക്കുന്നുണ്ട്. ഇവനാള് ഒറിജിനലല്ല, മോഡിഫൈ ലിമോസിന് ആണെന്ന് മാത്രം. നിസാന്‍ ടീന XL വകഭേദം മോഡിഫൈ ചെയ്താണ് വാഹനത്തിന് ലിമോസിന് രൂപം നല്‍കിയത്. എന്നാല്‍ അനധികൃതമായ രൂപമാറ്റത്തിന് മുബൈ ആര്‍ടിഒ കഴിഞ്ഞ ദിവസം ഈ ആഡംബര വീരനെ പിടിച്ചെടുത്തു.
പഞ്ചാബ് രജിസ്ട്രേഷനില്‍ ബോളിവുഡ് സിനിമ ചിത്രീകരണ ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്കുന്ന വാഹനമാണ് അന്തേരി റീജിനല്‍ ട്രാന്‍സ്പോര്‍ട് ഓഫീസറുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. 4885 എംഎം നീളമുള്ള നിസാന്‍ ടീനയെ ലിമോസിന് രൂപത്തിലാക്കാന്‍ 7200 എംഎം നീളത്തിലേക്കാണ് അനധികൃതമായി മോഡിഫൈ ചെയ്തത്. എല്‍ഇഡി ലൈറ്റ്, ഫ്രിഡ്ജ്, എല്‍ഇഡി സ്ക്രീന്‍, സോഫ തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍ അകത്തളത്തിലും ഒരുക്കിയിരുന്നു.
രൂപമാറ്റം വരുത്തി നീളവും ഭാരവും വര്‍ധിപ്പിക്കാന്‍ നിയമപരമായ യാതൊരു നടപടികളും വാഹന ഉടമ പാലിച്ചിരുന്നില്ല. നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന വാഹനങ്ങളില്‍ ഉടമയ്ക്ക് ചെറിയൊരു മോഡിഫിക്കേഷന് വരുത്തണമെങ്കില്‍ പോലും ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ, സെന്‍ട്രെല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതരുടെ അനുമതി ആവശ്യമാണ്. 179 ബിഎച്ച്പി കരുത്തും 228 എന്‍എം ടോര്‍ക്കുമേകുന്ന 2.5 ലിറ്റര്‍ എഞ്ചിനാണ് നിസാന്‍ ടീനയ്ക്ക് കരുത്തേകുന്നത്.