റോൾസ് റോയിസ് കള്ളിനൻ, മുകേഷ് അംബാനി | Photo: Rolls Royce, PTI
ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ആഡംബര വാഹനങ്ങളുടെ ശേഖരമുള്ള ഗ്യാരേജാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടേത്. റോള്‍സ് റോയിസ്, മെഴ്സിഡസ് മേബാക്ക്, ജി63 എ.എം.ജി, ഫെരാരി, ലാന്‍ഡ് റോവര്‍, ബി.എം.ഡബ്ല്യു തുടങ്ങിയ ആഡംബര വാഹനങ്ങള്‍ അരങ്ങ് വാഴുന്ന ഈ ആഡംബര ലോകത്തിലേക്ക് പുതിയ ഒരു വാഹനം കൂടി എത്തിയിരിക്കുകയാണ്. റോള്‍സ് റോയിസിന്റെ എസ്.യു.വി. മോഡലായ കള്ളിനനാണ് പുതുതായി എത്തിയിട്ടുള്ളത്.
പുതുതായി എത്തിയ കള്ളിനനിന് പുറമെ, വേറെ രണ്ട് കള്ളിനന് കൂടി അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. എന്നാല്‍, പുതുതായി എത്തിയ എസ്.യു.വിയുടെ വിലയിലൂടെയാണ് ഈ വാഹനം വാര്‍ത്തകളില്‍ ഇടം നേടിയത്. 13.14 കോടി രൂപയാണ് ഈ കള്ളിനന് എസ്.യു.വിയുടെ വില. ഇതോടെ രാജ്യത്തെ ഏറ്റവും വിലയുള്ള എസ്.യു.വികളിലൊന്ന് എന്ന ഖ്യാതി അംബാനിയുടെ പുതിയ വാഹനത്തിന് ലഭിച്ചിരിക്കുകയാണ്. ട്യുസാന് സണ്‍ എന്ന നിറമാണ് അംബാനിയുടെ പുതിയ വാഹനം ഒരുങ്ങിയിട്ടുള്ളത്.
2037 ജനുവരി 30 വരെ രജിസ്ട്രേഷന് കാലാവധിയുള്ള ഈ വാഹനത്തിന് 20 ലക്ഷം രൂപ റോഡ് നികുതിയായി അടിച്ചിട്ടുണ്ടെന്നാണ് ആര്.ടി.ഒ. വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇതിനുപുറമെ, റോഡ് സേഫ്റ്റി ടാക്സായി 40,000 രൂപയും നല്‍കിയിട്ടുണ്ട്. പുതിയ കള്ളിനനിന് 0001 എന്ന ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി 12 ലക്ഷം രൂപയാണ് അംബാനി ചിലവാക്കിയിരിക്കുന്നത്. 6.95 കോടി രൂപയാണ് കള്ളിനനിന്റെ എക്സ്ഷോറും വിലയെങ്കിലും വാഹനത്തില്‍ വരുത്തിയ മാറ്റത്തെ തുടര്‍ന്നാണ് വില 13.14 കോടിയിലെത്തിയത്.
റോള്‍സ് റോയ്സിന്റെ മുഖ്യ പടയാളിയായ ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലാണ് കള്ളിനനിന്റെയും ഡിസൈന്‍. മുന്‍ഭാഗത്തുതന്നെ ഇത് പ്രകടമാകും. ഫാന്റത്തില്‍ തലയെടുപ്പോടെ നില്ക്കുന്ന വലിയ ഗ്രില്‍ കള്ളിനനിലും അതേപടിയുണ്ട്. കരുത്തന് പരിവേഷം നല്‍കുന്നതാണ് ഇരുവശത്തെയും ഡിസൈന്‍. റിയര്‍ ഡോര്‍ മുന്നില്‍ നിന്ന് പിന്നോട്ട് തുറക്കുന്ന തരത്തിലാണ്. 1930-കളിലെ D-ബാക്ക് റോള്‍സ് റോയ്സിനെ ഓര്‍മ്മിക്കും വിധമാണ് ബൂട്ട് ലിഡ്. ശ്രദ്ധ പിടിച്ചുപറ്റുന്ന ഡിസൈനിലാണ് പിന്‍ഭാഗവും.
ഫാന്റത്തിന്റെ അതേ അലൂമിനിയം സ്പേസ്ഫ്രെയിം ആര്‍ക്കിടെക്ച്ചറിലാണ് കള്ളിനന്റെ നിര്‍മാണം. ഉള്‍വശത്തും ആഡംബരത്തിന് ഒരു കുറവുമില്ല. ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, അലേര്‍ട്ട്നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോര്‍ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂയിസ് കണ്ട്രോള്, കൊളിഷന്‍ വാര്‍ണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവുമധികം വേഗതയുള്ള എസ്.യു.വിയാണ് കള്ളിനന് എന്നാണ് നിര്‍മാതാക്കളുടെ വാദം. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എന്‍ജിനാണ് ഈ എസ്.യു.വിയുടെ ഹൃദയം. ഇത് 563 ബി.എച്ച്.പി.പവറും 850 എന്‍.എം.ടോര്‍ക്കുമേകും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. 2018 മേയ് മാസത്തിലാണ് റോള്‍സ് റോയിസിന്റെ ആദ്യ എസ്.യു.വി. വാഹനമായ കള്ളിനന് എസ്.യു.വി. അവതരിപ്പിക്കുന്നത്.
Content Highlights: Mukesh Ambani Buys India's most expensive Rolls Royce Cullinan SUV, Rolls Royce Cullinan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..