ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര വാഹനങ്ങളുടെ കളക്ഷന്‍ ഒരു പക്ഷെ വ്യവസായ പ്രമുഖനായ അംബാനിയുടേതായിരിക്കും അടുത്തിടെ സ്വന്തമാക്കിയ റോള്‍സ് റോയിസ് കള്ളിനന് പിന്നാലെ പുതിയ ഒരു താരം കൂടി അംബാനി ഗ്യാരേജില്‍ എത്തിയിരിക്കുകയാണ്. ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ എസ്.എഫ്90 സ്‌ട്രേഡേലാണ് എന്ന സ്‌പോര്‍ട്‌സ് കാറാണ് പുതിയ താരോദയം. ഇന്ത്യയില്‍ 7.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.
ഫെരാരിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് എസ്.എഫ്90 സ്‌ട്രേഡേല്‍. സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് ഇണങ്ങുന്ന ഡിസൈനിനൊപ്പം കാറ്റിന്റെ വേഗത്തിലുള്ള കുതിപ്പുമാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ആകര്‍ഷകമായ റേസിങ്ങ് റെഡ് നിറത്തിലുള്ള മോഡലാണ് അംബാനി സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മുംബൈയിലെ വീടിന് മുന്നില്‍ നിന്നുള്ള ഈ വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഫെരാരിയില്‍ നിന്നെത്തുന്ന ആദ്യ ഹൈബ്രിഡ് വാഹനമെന്ന പ്രത്യേകതയും എസ്.എഫ്90 സ്‌ട്രേഡേലിനുണ്ട്. ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് 4.0 ലിറ്റര്‍ വി8 എന്‍ജിനൊപ്പം മൂന്ന് ഇലക്ട്രിക്ക് മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 780 പി.എസ്. പവറും ഇലക്ട്രിക് മോട്ടോറുകള്‍ 220 പി.എസ്. പവറും ഉത്പാദിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് മോട്ടോറും എന്‍ജിനും ചേര്‍ന്ന് 1000 പി.എസ്. പവറാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഫെരാരിയിലെ ഏറ്റവും പവര്‍ഫുള്‍ മോഡലാണിത്.
വേഗതയാണ് എസ്.എഫ്90 സ്‌ട്രേഡേലിന്റെ മറ്റൊരു പ്രത്യേകത. കേവലം 2.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കരുത്താകും. 6.7 സെക്കന്റില്‍ 200 കിലോമീറ്റര്‍ വേഗതയിലെത്തും. മണിക്കൂറില്‍ 340 കിലോമീറ്ററാണ് പരമാവധി വേഗത. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനാണ് ഇതിലെ ഗിയര്‍ബോക്‌സ്. പരമ്പരാഗത ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനെക്കാള്‍ 30 ശതമാനം അധിക വേഗത ഈ ഗിയര്‍ബോക്‌സ് നല്‍കുന്നുണ്ട്.
Content Highlights: Mukesh Ambani Add ferrari sf90 Stradale Super Sports Car In His Vehicle Fleet