ന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വാഹനപ്രേമി എന്ന വിശേഷിപ്പിക്കാവുന്ന താരമാണ് മുന്‍ ക്യാപ്റ്റനായ മഹേന്ദ്ര സിങ്ങ് ധോണി. സ്‌പോര്‍ട്‌സ് കാറുകളുടെയും സൂപ്പര്‍ ബൈക്കുകളുടെയും വലിയ ശേഖരത്തിനൊപ്പം വിന്റേജ് വാഹനങ്ങളുടെ കൂടി കലവറയാണ് ധോണിയുടെ ഗ്യാരേജ്. ധോണിയുടെ വിന്റേജ് കാര്‍ കളക്ഷനുകളിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്.

1977 മുതല്‍ 80 വരെയുള്ള കാലഘട്ടങ്ങളില്‍ ബ്രീട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്സ് നിര്‍മിച്ച സില്‍വര്‍ റെയ്ത്ത്-2 ആണ് ധോണിയുടെ ഗ്യാരേജിലെത്തിയിട്ടുള്ള പുതിയ വിന്റേജ് താരം. റോള്‍സ് റോയിസിന്റെ മറ്റൊരു മോഡലായിരുന്ന സില്‍വര്‍ ഷാഡോയ്ക്ക് സമാനമായ ഡിസൈനിലാണ് എണ്ണത്തില്‍ ചുരുക്കമായിരുന്നു ഈ വാഹനവും ഒരുങ്ങിയത്. 

ഡിസൈനില്‍ സില്‍വല്‍ ഷാഡോയ്ക്ക് സമാനമാണെങ്കിലും നാല് ഇഞ്ച് അധിക വീല്‍ബേസിലാണ് സില്‍വര്‍ റെയ്ത്ത്-2 ഒരുക്കിയിരിക്കുന്നത്. 1977 മുതല്‍ 80 വരെയുള്ള മൂന്ന് വര്‍ഷത്തിനുളളില്‍ ഈ വാഹനത്തിന്റെ 2135 യൂണിറ്റ് മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. നീലം നിറം നല്‍കി മോടിപിടിപ്പിച്ചാണ് 1980 മോഡലായ ഈ ആഡംബര വാഹനം ധോണിയുടെ ഗ്യാരേജില്‍ എത്തിയിട്ടുള്ളത്. 

വില്‍ബേസ് അല്‍പ്പം കൂടുതല്‍ ഉള്ളതിനാല്‍ തന്നെ കൂടുതല്‍ സ്‌പേഷ്യസ് ആയുള്ള പിന്‍നിര സീറ്റുകളായിരുന്നു ഈ വാഹനത്തിന്റെ പ്രത്യേകത. വി8 പെട്രോള്‍ എന്‍ജിനായിരുന്നു ഈ വാഹനത്തിന് കരുത്തേകുന്നതെന്നാണ് വിവരം. നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. വില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

വിവാഹ വാര്‍ഷികത്തിന്റെ ഭാഗമായി അടുത്തിടെ ധോണി തന്റെ ഭാര്യ സാക്ഷിക്ക് മറ്റൊരു വിന്റേജ് വാഹനമായ ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ സമ്മാനിച്ചിരുന്നു. സാക്ഷി തന്നെയാണ് ഈ വാഹനത്തിന്റെ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 1969 മോഡല്‍ ഫോര്‍ഡ് മസ്താങ്ങ്, പോണ്ടിയാക് ഫയര്‍ബേഡ് ട്രാന്‍സ്ആം തുടങ്ങിയ വാഹനങ്ങളും ധോണിയുടെ ഗ്യാരേജിലുണ്ട്. 

Content Highlights: MS Dhoni Adds Rolls Royce Silver Wraith-2 In His Vintage Car Collection