കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിത്തമുണ്ടായപ്പോൾ | Photo: File Photo/Mathrubhumi Archives
പെട്രോള്‍ കാറുകളില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടാകുന്നതിന്റെ പ്രധാന കാരണം വണ്ടുകളാണെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. വകുപ്പ് ഓണ്‍ലൈനില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഓടുന്ന വാഹനങ്ങള്‍ക്ക് തീപിടിക്കുന്നതിന്റെ മുഖ്യകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും സര്‍വേ പറയുന്നു. തീപ്പിടിത്തമോ ഇന്ധനച്ചോര്‍ച്ചയോ സംഭവിച്ച 153 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 11 പേര്‍ വണ്ടി കത്തിയവരായിരുന്നു. 133 പേര്‍ ഇന്ധനച്ചോര്‍ച്ച നേരിട്ടവരും. ഇതില്‍ 102 പേര്‍ ഇന്ധനച്ചോര്‍ച്ചയുണ്ടായത് വണ്ടുകള്‍ മൂലമാണെന്ന് രേഖപ്പെടുത്തി.
ഇവയെല്ലാം പെട്രോള്‍ വാഹനങ്ങളായിരുന്നു. ഈ സര്‍വേയില്‍നിന്നാണ് മോട്ടോര്‍വാഹന വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ മാസം കാസര്‍കോട് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചിരുന്നു. അതിനുമുന്‍പ് കണ്ണൂരില്‍ കാര്‍ കത്തി രണ്ടുപേര്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് വാഹനത്തിലെ അഗ്‌നിബാധയെയും അതിന്റെ സാധ്യതകളെയും കുറിച്ച് പഠിക്കാന്‍ ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്.
കഴിഞ്ഞവര്‍ഷങ്ങളില്‍ ഇത്തരത്തില്‍ അഗ്‌നിബാധയ്ക്കിരയായതോ അഗ്‌നിബാധയിലേക്ക് നയിച്ചതോ ആയ കാര്യങ്ങളാണ് വാഹന ഉടമകള്‍ ഗൂഗിള്‍ഫോം സര്‍വേയില്‍ രേഖപ്പെടുത്തിയത്. ഇന്ധനച്ചോര്‍ച്ചയുള്ള വാഹനം ഒരുകാരണവശാലും ഡ്രൈവ് ചെയ്ത് വര്‍ക്ക്ഷോപ്പില്‍ കൊണ്ടുപോകാന്‍ ശ്രമിക്കരുതെന്ന് മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശിക്കുന്നു. അവിടെവച്ചു തന്നെയുള്ള അറ്റകുറ്റപ്പണി മാത്രമാണ് പോംവഴി.
സ്‌കോളിറ്റിഡേ കുടുംബത്തില്‍പ്പെട്ട സൈലോസാന്‍ഡ്രസ് സ്പീഷീസാണ് പൈപ്പ് തുരക്കുന്ന വണ്ടുകളെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. നിലവില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങളില്‍ രണ്ടുമുതല്‍ 15 ശതമാനം വരെ എഥനോള്‍ സാന്നിധ്യമുണ്ടെന്നും ഇവ ആഹാരമാക്കാനെത്തുന്ന ചെറു വണ്ടുകള്‍ പൈപ്പുകളില്‍ ദ്വാരമുണ്ടാക്കുന്നതായാണ് കരുതുന്നതെന്നും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ.മനോജ്കുമാര്‍ മനുഷ്യാവകാശ കമ്മിഷന് മറുപടി നല്‍കിയിരുന്നു.
മാതൃഭൂമി വാര്‍ത്തയെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍മൂലം വണ്ടിനെ പ്രതിരോധിക്കാനുള്ള പൈപ്പ് നിര്‍മിക്കാന്‍ കേന്ദ്ര ഏജന്‍സിയായ ദി ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ.) നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് വിവിധ കമ്പനികളുടെ നൂറുകണക്കിന് കാറുകളിലാണ് അഞ്ചുമാസത്തിനിടെ പെട്രോള്‍ ചോര്‍ച്ചയുണ്ടായത്. കാറിന്റെ ഇന്ധനടാങ്കില്‍നിന്ന് എന്‍ജിനിലേക്കുള്ള റബ്ബര്‍ പൈപ്പിലാണ് ചോര്‍ച്ച.
Content Highlights: Motor vehicle department survey report on car catches fire and petrol leakage, mvd kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..