മെഴ്സിഡസ് ബെൻസ് 300 എസ്.എൽ.ആർ. ഉലെൻഹോട്ട് കൂപ്പെ | Photo: Mercedes-Benz AG / AFP
വാഹനലോകത്തെ അപൂര്വസൗന്ദര്യമാണ് ഉലെന്‍ഹോട്ട് കൂപ്പെ (മെഴ്സിഡസ് ബെന്‍സ് 300 എസ്.എല്‍.ആര്. ഉലെന്‍ഹോട്ട് കൂപ്പെ). 1955-ല്‍ ജര്‍മന്‍ എന്‍ജിനിയറായ റുഡോള്‍ഫ് ഉലെന്‍ഹോട്ട് ആണ് രൂപകല്പനചെയ്തത്. തൊട്ടടുത്ത കാറോട്ടമത്സരകാലം മുന്നില്‍ക്കണ്ട് ബെന്‍സ് ഉലെന്ഹോട്ടിന്റെ മാതൃക യാഥാര്‍ഥ്യമാക്കി. നിര്‍മിച്ചത് രണ്ടുകാറുകള്‍ മാത്രം.
രണ്ടിനെയും മത്സരത്തിന് ഇറക്കേണ്ടെന്ന് കമ്പനി പിന്നീട് തീരുമാനിച്ചു. അതോടെ ഒരുകാര്‍ റുഡോള്‍ഫ് ഉലെന്ഹോട്ടിന് സ്വന്തമായി. മറ്റേത് കമ്പനിയുടെ പേരില്‍ത്തന്നെ തുടര്‍ന്നു. വാഹനലോകത്ത് ഉലെന്‍ഹോട്ട് കൂപ്പെ വിസ്മയമായി.

അക്കാലത്ത് മറ്റ് വാഹനനിര്‍മാതാക്കള്‍ സങ്കല്പിക്കുകപോലും ചെയ്യാത്ത സൗകര്യങ്ങളാണ് കാറില്‍ ഒരുക്കിയിരുന്നത്. സാങ്കേതികതയുടെ കാര്യത്തിലും ഉലെന്‍ഹോട്ട് കാലത്തിന് മുന്നേ സഞ്ചരിച്ചു. മണിക്കൂറില്‍ 300 കിലോമീറ്റര്‍ ആയിരുന്നു പരമാവധി വേഗം.
അതുവരെയുള്ള സ്പോര്‍ട്സ് കാറുകള്‍ക്ക് ഒന്നിനും 200 കടക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാത്തിനുമുപരിയായിരുന്നു രൂപകല്പനയിലെ പുതുമ. നിഗൂഢമായ ആ ആകര്‍ഷണത്തെ വാഹനപ്രേമികള്‍ 'കാറുകളുടെ മൊണാലിസ' എന്നു വിളിക്കാന്‍ തുടങ്ങി.
ലേലം രഹസ്യമായി
മുമ്പ് പലവട്ടം ഉലെന്‍ഹോട്ട് കൂപ്പെ ലേലത്തിന് വെക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ബെന്‍സ് അതിന് വഴങ്ങിയിട്ടില്ല. ഇപ്പോള്‍ അവിചാരിതമായാണ് ഈ വാര്‍ത്ത പുറത്തുവന്നത്. മേയ് അഞ്ചിന് ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടില്‍ രഹസ്യമായാണ് ലേലം നടന്നത്. ആര്.എം. സോത്ബി എന്ന ലേലക്കമ്പനിക്കായിരുന്നു ചുമതല. രണ്ടാഴ്ചയ്ക്കുശേഷമാണ് ഇക്കാര്യങ്ങള്‍ കമ്പനി പുറത്തുവിട്ടത്. 67 വര്‍ഷം പഴക്കമുള്ള ഈ വാഹനം 1101 കോടി രൂപയ്ക്കാണ് (142 മില്ല്യണ്‍ ഡോളര്‍) ലേലം ചെയ്തിട്ടുള്ളത്.

മോഹവിലനല്‍കി വാഹനം സ്വന്തമാക്കിയ ആളുടെ വിവരങ്ങള്‍ ഇപ്പോഴും പരസ്യമാക്കിയിട്ടില്ല. 2018-ല്‍ ലേലത്തില്‍വെച്ച 1962 മോഡല്‍ ഫെരാരി 250 ജി.ടി.ഒ.യ്ക്ക് 376.64 കോടി രൂപ (48.4 മില്യണ്‍ ഡോളര്‍) ലഭിച്ചതാണ് ഉലന്ഹോട്ട് കൂപ്പെ പഴങ്കഥയാക്കിയത്. ലേലത്തില്‍ ലഭിച്ച തുക മെഴ്സിഡസ് ബെന്‍സ് ഫണ്ട് വഴി ചെറുപ്പക്കാരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുമെന്ന് കമ്പനി പറഞ്ഞു.
ഒന്ന് സൂക്ഷിക്കും
1955-ല്‍ നിര്‍മിച്ച രണ്ടു കാറുകളില്‍ ഒന്നുമാത്രമാണ് ലേലംചെയ്തത്. ബെന്‍സിന്റെ ഉടമസ്ഥതയിലുള്ള ഉലെന്‍ഹോട്ട് കൂപ്പെ സ്റ്റട്ട്ഗാര്‍ട്ടിലെ മെഴ്സിഡസ് ബെന്‍സ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ടാകും.
Watch Video | TATA AVINYA | 30 മിനിറ്റ് ചാര്‍ജില്‍ 500 KM ഓട്ടം; ഇത് വന്നാല്‍ പൊളിക്കും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..