ഏറെ യുവത്വം അവകാശപ്പെടാവുന്ന സെഡാന് വാഹനമായിരുന്നു മിസ്തുബിഷിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന ലാന്‍സര്‍. അതുകൊണ്ട് തന്നെയാണ് ലാന്‍സര്‍ ഇന്നും യുവാക്കളുടെ ഹരമായി തുടരുന്നത്. ഇത് തിരിച്ചറിഞ്ഞ നിര്‍മാതാക്കള്‍ പുതിയ ഭാവത്തില്‍ ലാന്‍സറിനെ വീണ്ടുമെത്തിക്കുകയാണ്.
1998-ലാണ് ലാന്‍സര്‍ ഇന്ത്യയിലെത്തുന്നത്. പിന്നീട് പലതവണ തലമുറ മാറ്റത്തിന് വിധേയമായെങ്കിലും 2017-ഓടെ ലാന്‍സര്‍ പൂര്‍ണമായും നിരത്തൊഴിയുകയായിരുന്നു. ഈ വാഹനത്തെയാണ് അടുത്ത വര്‍ഷത്തോടെ വീണ്ടും ഇന്ത്യയിലെത്തിക്കാനൊരുങ്ങുന്നത്. എന്നാല്‍, രൂപത്തില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന.
ഇന്ത്യയിലെ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും എസ്യുവി, കോംപാക്ട് എസ്യുവി ശ്രേണികളില്‍ ശ്രദ്ധ കേന്ദ്രികരിക്കുന്ന സാഹചര്യത്തിലാണ് മിസ്തുബിഷി മാറിചിന്തിക്കാനൊരുങ്ങുന്നത്. തിരിച്ചെത്തുന്ന ലാന്‍സര്‍ പാസഞ്ചര്‍ വെഹിക്കിള്‍ ശ്രേണിക്ക് മുതല്‍കൂട്ടാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
റെനോ-നിസാന്‍-മിസ്തുബിഷി കൂട്ടുകെട്ടിലായിരിക്കും പുതിയ ലാന്‍സര്‍ എത്തുന്നത്. റെനോയുടെ സെഡാന് വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന സിഎംഎഫ്-സി പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
കരുത്തേറിയ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനും ഓള് വീല്‍ ഡ്രൈവ് മോഡുമായിരുന്നു യുവാക്കളെ ലാന്സറിലേക്ക് അടുപ്പിച്ചിരുന്ന പ്രധാനഘടനം. പുതുതായെത്തുന്ന വാഹനത്തിനും ഈ എന്ജിന് കരുത്ത് പകരുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
പുതുതലമുറ ലാന്‍സറിനെ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്ജിന്, ഡിസൈന്‍ തുടങ്ങിയ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് സൂചനകള്‍.
Content Highlights: Mitsubishi Lancer Is Coming Back
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..