വാഹനങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി കാറുകളുടെ അടിസ്ഥാന വേരിയന്റുകളില്‍ ഉള്‍പ്പെടെ ആറ് എയര്‍ബാഗ് നല്‍കണമെന്ന നിര്‍ദേശവുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. സിയാം പ്രതിനിധികളുമായി നടത്തിയ കൂടുക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അവശ്യപ്പെട്ടത്. നിതിന്‍ ഗഡ്കരിയുടെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വാഹനങ്ങളുടെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗ് നിര്‍ബന്ധമായും നല്‍കണമെന്ന് വാഹന നിര്‍മാതാക്കളോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന കാറുകളില്‍ രണ്ട് എയര്‍ബാഗ് നിര്‍ബന്ധമായി നല്‍കണമെന്നാണ് നിയമം. ഇത് നടപ്പാക്കാന്‍ എതാനും മാസം സമയം അനുവദിച്ചിട്ടുണ്ട്.

വാഹനാപകടം ഉണ്ടായാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണ് എയര്‍ബാഗ്. പല വിദേശ രാജ്യങ്ങളിലും സൈഡ് എയര്‍ബാഗ് വാഹനങ്ങളില്‍ നല്‍കുന്നില്ല. എന്നാല്‍, ഈ രാജ്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റ് സംവിധാനം ആരംഭിച്ചിട്ടില്ല.

നിലവില്‍ ആറ് എയര്‍ബാഗുമായി എത്തുന്ന വാഹനങ്ങള്‍ വിപണിയിലുണ്ട്. എന്നാല്‍, ഏറ്റവും ഉയര്‍ന്ന വേരിയന്റില്‍ മാത്രമാണ് ഈ സംവിധാനം നല്‍കാറുള്ളത്. പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തിയാല്‍ വാഹനങ്ങളുടെ നിര്‍മാണ ചെലവില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച തീരുമാനം വൈകാതെ അറിയാന്‍ സാധിക്കും.

ഇതിനുപുറമെ, ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ 100 ശതമാനം എഥനോള്‍, ഗ്യാസോലിന്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഫ്‌ളെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കണമെന്നും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യവും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്.

Content Highlights: Minister Nitin Gadkari Appeal To Vehicle Manufacturers To Make 6 Airbags In Cars