മിനി പാഡി ഹോപ്കിർക്ക് എഡിഷൻ | Photo: Mini India
ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനിയുടെ പുതിയ സ്പെഷ്യല്‍ എഡിഷന് വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചു. പാഡി ഹോപ്കിര്‍ക്ക് എഡിഷന് എന്ന് പേരിട്ടിരിക്കുന്ന ഈ ഹാച്ച്ബാക്കിന്റെ 15 യൂണിറ്റ് മാത്രമാണ് ഇന്ത്യയിലെത്തുന്നത്. പൂര്‍ണമായി വിദേശത്തിന് നിര്‍മിച്ചാണ് ഈ സ്പെഷ്യല്‍ എഡിഷന് വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തുകയെന്നാണ് മിനി ഇന്ത്യ അറിയിച്ചിരിക്കുന്നത്.
നോര്‍ത്തേണ്‍ ഐറിഷ് റാലി റേസിങ്ങ് ഇതിഹാസമായിരുന്ന പാട്രിക് പാടി ഹോപ്കിര്ക്കിനോടുള്ള ആദരസൂചകമായാണ് സ്പെഷ്യല്‍ എഡിഷന് വാഹനത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്നാണ് നിര്‍മാതാക്കളായ മിനി അറിയിച്ചിരിക്കുന്നത്. 37-ാം നമ്പര്‍ മിനി കൂപ്പര്‍ എസ് ആയിരുന്നു അദ്ദേഹത്തിന്റെ റേസിങ്ങ് ട്രാക്കിലെ വാഹനം. അദ്ദേഹത്തിന്റെ നാമധേയത്തില്‍ സ്പെഷ്യല്‍ എഡിഷനായെത്തുന്ന വാഹനത്തിന് 41.70 ലക്ഷം രൂപയാണ് വില.
ചില്ലി റെഡ് ബോഡി കളറിലും വൈറ്റ് റൂഫിലുമാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. പാട്രിക് പാടി ഹോപ്കിര്‍ക്കിന്റെ റാലി കാര്‍ നമ്പറായ 37 ഈ വാഹനത്തിന്റെ വശങ്ങളില് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് നിറത്തിലുള്ള മിറര്‍ ക്യാപ്പും 16 ഇഞ്ച് വലിപ്പമുള്ള വിക്ടറി സ്പോക്ക് അലോയി വീലുമാണ് പാഡി ഹോപ്കിര്‍ക്ക് എഡിഷനില്‍ നല്‍കിയിരിക്കുന്നത്. ബോണറ്റ്, ഡോര്‍ ഹാന്‍ഡില്‍, ഫ്യുവല്‍ ഫില്ലര്‍, മിനി ലോഗോ, ഗ്രില്ല് എന്നിവയില്‍ ഗ്ലോസി ബ്ലാക്ക് ട്രീറ്റ്മെറ്റ് നല്‍കിയിട്ടുണ്ട്.

ഡോര്‍ സില്ലുകളില്‍ പാഡി ഹോപ്കിര്‍ക്കിന്റെ ഒപ്പ് തിളങ്ങുന്ന അക്ഷരത്തില്‍ നല്‍കിയിട്ടുണ്ട്. പനോരമിക് സണ്‍റൂഫ്, കംഫര്‍ട്ട് ആക്സസ് സിസ്റ്റം, റിയര്‍ വ്യൂ ക്യാമറ, ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് സ്പോര്‍ട്ട് ലെതര്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവ ഈ വാഹനത്തിന്റെ അകത്തളത്തെ റെഗുലര്‍ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കും. ബോണറ്റില്‍ നല്‍കിയിട്ടുള്ള വൈറ്റ് സ്ട്രിപ്പിലും പാഡി ഹോപ്കിര്‍ക്കിന്റെ ഒപ്പ് ആലേഖനം ചെയ്തിട്ടുണ്ട്.
ട്വിന്‍ പവര്‍ ടര്‍ബോ ടെക്നോളജിയുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 192 ബി.എച്ച്.പി പവറും 280 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 6.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. മണിക്കൂറില്‍ 235 കിലോമീറ്ററാണ് പരമാവധി വേഗത. ഏഴ് സ്പീഡ് സ്റ്റെപ്പ്ട്രോണിക്ക് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights: MINI Paddy Hopkirk Special Edition Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..