പുതിയ മിനി കണ്‍ട്രിമാന്‍ ബ്ലാക്ക് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 42.40 ലക്ഷം രൂപയാണ് ലിമിറ്റഡ് എഡിഷന്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില, സ്റ്റാന്റേര്‍ഡ് മോഡലിനെക്കാള്‍ ഒരു ലക്ഷം കൂടുതലാണിത്. കൂപ്പര്‍ എസ് JCW വേരിയന്റിന്റെ അടിസ്ഥാനത്തിലുള്ളതാണ് കണ്‍ട്രിമാന്‍ ബ്ലാക്ക് എഡിഷന്‍. 

ബ്ലാക്ക് എഡിഷന്റെ 24 യൂണിറ്റുകള്‍ മാത്രമേ മിനി ഇന്ത്യയില്‍ പുറത്തിറക്കുന്നുള്ളു. ബ്ലാക്ക് ഗ്രില്‍, JCW കര്‍ബണ്‍ ഫൈബര്‍ ഫിനിഷ്ഡ് റിയര്‍വ്യൂ മിറര്‍, പിയാനോ ബ്ലാക്ക് ഹെഡ്‌ലാമ്പ്-ടെയില്‍ ലൈറ്റ്, പിയാനോ ബ്ലാക്ക് കണ്‍ട്രിമാന്‍ ബാഡ്ജ്, ബോണറ്റ് സ്ട്രിപ്പ്‌സ്, ബ്ലാക്ക് റൂഫ് റെയില്‍സ്, 18 ഇഞ്ച് JCW അലോയി വീല്‍, JCW എയ്‌റോ കിറ്റ്, JCW സ്റ്റിയറിങ് വീല്‍, ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍, ഓട്ടോമാറ്റിക് ടെയില്‍ ഗേറ്റ് ആക്‌സസ് എന്നിവ ബ്ലാക്ക് എഡിഷനെ വ്യത്യസ്തമാക്കും. 

mini countryman black edition
photo courtesy; mini

പൂര്‍ണമായും കറുപ്പ് നിറത്തിലുളള ഇന്റീരിയറില്‍ ഹെഡ് അപ്പ് ഡിസ്‌പ്ലേ, മിനി വയേര്‍ഡ് പാക്കേജ്, ഇലക്ട്രിക് സ്‌പോര്‍ട്‌സ് സീറ്റ്, പനോരമിക് ഗ്ലാസ് റൂഫ്, ഹര്‍മന്‍ ആന്‍ഡ് കാര്‍ഡന്‍ സൗണ്ട് സിസ്റ്റം എന്നിവയുണ്ട്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 192 എച്ച്പി പവറും 280 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 14.41 ലിറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. 7.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താനും മിനി കണ്‍ട്രിമാന്‍ ബ്ലാക്ക് എഡിഷന് സാധിക്കും. 

എമര്‍ജന്‍സി സ്‌പെയര്‍ വീല്‍, ഫ്രണ്ട് ആന്‍ഡ് പാസഞ്ചര്‍ എയര്‍ബാഗ്, ബ്രേക്ക് അസിസ്റ്റ്, ക്രാഷ് സെന്‍സര്‍, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, എല്ലാ സീറ്റിലും 3 പോയന്റ് സീറ്റ് ബെല്‍റ്റ്, കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. ഇന്ത്യന്‍ വിപണിയില്‍ മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍എ, ഔഡി ക്യു3, വോള്‍വോ എക്‌സ്‌സി 40, ബിഎംഡബ്ല്യു എക്‌സ് 1 എന്നിവയാണ് ഇതിന്റെ എതിരാളികള്‍.

mini countryman black edition
photo courtesy; mini

Content Highlights; Mini Countryman Black Edition launched in india