ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനിയുടെ ആദ്യ ഇലക്ട്രിക് മോഡല്‍ ഇന്ത്യയിലുമെത്തുന്നു. അവതരണത്തിന്റെ സൂചന നല്‍കി ഉടന്‍ വരുന്നു എന്ന തലക്കെട്ടോടെ മിനിയുടെ ആദ്യ ഇലക്ട്രിക് മോഡലിന്റെ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 2019-ലാണ് മിനി കൂപ്പര്‍ എസ്.ഇ. എന്ന പേരില്‍ ഈ ഇലക്ട്രിക് മോഡല്‍ ആഗോള വിപണിയില്‍ എത്തിയത്. ബി.എം.ഡബ്ല്യു. ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് മോഡലായിരുന്നു ഇത്.

മിനി കൂപ്പര്‍ ത്രീ ഡോര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് കൂപ്പര്‍ എസ്.ഇ. ഇലക്ട്രിക് വിപണിയില്‍ എത്തിയത്. പെട്രോള്‍ മോഡലുമായി രൂപ സാദൃശ്യമുള്ള ഈ വാഹനം ഇലക്ട്രിക് ആയതിന്റെ നേരിയ മാറ്റങ്ങളും പ്രകടിപ്പിച്ചിരുന്നു. മിനി ഇന്ത്യയില്‍ എത്തിക്കുന്ന ഇലക്ട്രിക് മോഡലിന്റെ ടീസര്‍ പുറത്തിറക്കിയെങ്കിലും അവതരണം ദിവസം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. വരും ആഴ്ചകളില്‍ ഈ വാഹനം വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Mini Electric
മിനി കൂപ്പര്‍ ഇലക്ട്രിക് കാര്‍ | Photo: Mini.com

സാധാരണ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സമാനമായി ഗ്രില്ല് എന്ന ഭാഗം ഇതില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ക്രോമിയം ബോര്‍ഡറാണ് ഈ ഭാഗത്ത് നല്‍കിയിട്ടുള്ളത്. റെഗുലര്‍ മോഡില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ബാഡ്ജിങ്ങ് ആയിരിക്കും മുന്നില്‍ നല്‍കുക. റെഗുലര്‍ മിനി മോഡലുകള്‍ക്ക് സമാനമായ ഹെഡ്‌ലാമ്പ്, റൗണ്ട് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, റൗണ്ട് റിയര്‍വ്യൂ മിറര്‍, പുതിയ അലോയി വീല്‍ എന്നിവയാണ് ഡിസൈനില്‍ നല്‍കിയിട്ടുള്ള പുതുമകള്‍.

അകത്തളം ത്രീ ഡോര്‍ മിനി കുപ്പര്‍ മോഡലിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ വൃത്താകൃതിയിലുള്ള സെന്റര്‍ കണ്‍സോള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മിനിയുടെ റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍ എന്നിവ ഈ മോഡലിലും സ്ഥാനം പിടിക്കും. അകത്തളം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടെ വിവിധ ആക്‌സെന്റുകളും സ്ഥാനം പിടിച്ചെക്കും. 

181 ബി.എച്ച്.പി. പവറും 270 എന്‍.എം. ടോര്‍ക്കുമേകുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറായിരിക്കും മിനി കൂപ്പര്‍ എസ്.ഇ. മോഡലില്‍ കരുത്തേകുക. 32.6 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതില്‍ നല്‍കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 270 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. 150 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം 7.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. റെഗുലര്‍ മോഡലിനെക്കാള്‍ 145 അധികഭാരമാണ് ഇലക്ട്രിക് മോഡലിനുള്ളത്.

Content Highlights: Mini Cooper Electric Car Teased In India, Mini Cooper SE, Mini Cooper