ദ്യ മോഡലായ ഹെക്ടര്‍ വിപണിയില്‍ വലിയ സ്വീകാര്യത നേടിയതിന് പിന്നാലെ എംജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മോഡലാണ് ZS ഇലക്ട്രിക് എസ്‌യുവി. ഡിസംബര്‍ അഞ്ചിന് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ZS ഇലക്ട്രിക് 2020 ജനുവരിയോടെ പുറത്തിറങ്ങും. ഡിസംബര്‍ അഞ്ച് മുതല്‍ വാഹനത്തിനുള്ള പ്രീ ബുക്കിങും എംജി മോട്ടോഴ്‌സ്‌ ആരംഭിച്ചേക്കും.

ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ അഞ്ച് നഗരങ്ങളിലാണ് ആദ്യം ZS ഇലക്ട്രിക് വരവറിയിക്കുക. ഇതിന് ശേഷം ഘട്ടംഘട്ടമായി രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഇലക്ട്രിക്കിന്റെ വിപണനം എംജി മോട്ടോഴ്‌സ് വ്യാപിപ്പിക്കും. സൂചനകള്‍ പ്രകാരം 22-25 ലക്ഷത്തിനുള്ളിലായിരിക്കും ZS ഇലക്ട്രിക്കിന്റെ വില. അടുത്തിടെ ഇന്ത്യയിലെത്തിയ ഹ്യുണ്ടായ് കോനയാണ് ZS ഇലക്ട്രിക്കിന്റെ പ്രധാന എതിരാളി. ഇതേ റേഞ്ചിലാണ് ഇലക്ട്രിക് കോനയുടെയും വിപണി വില.

mg zs electric
photo; mg india

44.5 kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് ZS ഇലക്ട്രിക്കിന്റെ ഹൃദയം. ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇലക്ട്രിക് എസ്.യു.വിക്ക് സാധിക്കും. 141 ബിഎച്ച്പി പവറും 353 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിലുള്ളത്. 50kW ഡിസി ചാര്‍ജറില്‍ നാല്‍പത് മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാം. സ്റ്റാന്റേര്‍ഡ് 7kW ചാര്‍ജറില്‍ ഏഴ് മണിക്കൂര്‍ വേണം ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനും എംജി തുറക്കും. 

മണിക്കൂറില്‍ 140 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 3.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വേഗത്തിലെത്താനും ZS ഇലക്ട്രിക്കിന് സാധിക്കും. രൂപത്തില്‍ വിദേശ വിപണിയിലുള്ള ZS എസ്.യു.വിയുടെ അതേ ഡിസൈനാണ് ZS ഇലക്ട്രിക്കിനുമുള്ളത്. 4314 എംഎം നീളവും 1809 എംഎം വീതിയും 1620 എംഎം ഉയരവും 2579 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. ഇന്റര്‍നെറ്റ് എസ്.യു.വി എന്ന വിശേഷണമുള്ള ഹെക്ടറിന് സമാനമായ കണക്റ്റിവിറ്റി ഫീച്ചേഴ്‌സ് ഇലക്ട്രിക് മോഡലിലും എംജി ഉള്‍പ്പെടുത്തും. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്.യു.വിയാണിതെന്നും എംജി പറയുന്നു.

mg zs electric
photo; mg india

Content Highlights; MG ZS EV booking open on december 5, MG ZS electric price between 22-25 lakh, MG Motors ZS electric SUV coming soon