എം.ജി. ZS ഇലക്ട്രിക് | Photo: MG Motors
ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയുടെ ഗതാഗത മാര്‍ഗമെന്നത് ലോകം അംഗീകരിച്ച് കഴിഞ്ഞു. പത്ത് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം നിര്‍മിക്കുന്ന തരത്തിലേക്കുള്ള മാറ്റങ്ങള്‍ വാഹന നിര്‍മാതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രാധാന്യം ഇന്ത്യയിലെ ജനങ്ങളും തിരിച്ചറിഞ്ഞെന്നുള്ള വിവരങ്ങളാണ് ഇ-കാര്‍, ഇ-സ്‌കൂട്ടര്‍ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയില്‍ എത്തിയിട്ടുള്ള ഇലക്ട്രിക് എസ്.യു.വികളില്‍ മുന്‍നിര മോഡലായ എം.ജി. ZS ഇലക്ട്രിക്കിന്റെ വില്‍പ്പനയും ഇ-കാറുകളുടെ വില്‍പ്പനയിലുണ്ടായ വളര്‍ച്ച അടിവരയിടുന്നതാണ്. കഴിഞ്ഞ ദിവസം എം.ജി. മോട്ടോഴ്‌സ് നടത്തിയ വെളിപ്പെടുത്തല്‍ അനുസരിച്ച് പ്രതിമാസം 1000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ എം.ജി. വില്‍ക്കുന്നുണ്ടെന്നാണ് വിവരം. മാര്‍ച്ചില്‍ അവതരിപ്പിച്ച ZS EV-യുടെ ഏറ്റവും പുതിയ പതിപ്പ് ഇതിനോടകം 5000 യൂണിറ്റ് നിരത്തുകളില്‍ എത്തിച്ചതായാണ് എം.ജി. അവകാശപ്പെടുന്നത്.
എം.ജി. ZS ഇലക്ട്രിക് ഉള്‍പ്പെടുന്ന വാഹന ശ്രേണിയിലെ ഏറ്റവും വലിയ ബാറ്ററി പാക്കുമായാണ് ZS EV-യുടെ പുതിയ പതിപ്പ് വിപണിയില്‍ എത്തിയത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 461 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. 50.3 കിലോവാട്ട് ബാറ്ററി പാക്കും 143 ബി.എച്ച്.പി. പവറും 353 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. കേവലം 8.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്നതും ഈ വാഹനത്തിന്റെ സവിശേഷതയാണ്.
രണ്ട് വേരിയന്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവില്‍ എക്‌സ്‌ക്ലൂസിവ് എന്ന പതിപ്പ് മാത്രമാണ് വിപണിയിലുള്ളത്. അടിസ്ഥാന വേരിയന്റായ എക്‌സൈറ്റ് വൈകാതെയെത്തുമെന്നാണ് സൂചന. 21.99 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില. ആഗോള തലത്തില്‍ തന്നെ ഫയര്‍, കൊളീഷന്‍, ഡസ്റ്റ്, സ്‌മോക്ക് തുടങ്ങി എട്ട് സുരക്ഷ പരീക്ഷകള്‍ നേരിട്ട് കരുത്ത് തെളിയിച്ചിട്ടുള്ള വാഹനമാണ് എം.ജിയുടെ ഈ ഇലക്ട്രിക് എസ്.യു.വിയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഇന്ത്യയിലെ ആദ്യ കണക്ടഡ് ഇലക്ട്രിക് എസ്.യു.വി. എന്ന ഖ്യാതിയും ZS ഇലക്ട്രിക്കിനാണ്. ഐ-സ്മാര്‍ട്ട് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 75-ല്‍ അധികം കണക്ടഡ് ഫീച്ചറുകളാണ് ഇതിലുള്ളത്. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതില്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്ലാമ്പ്, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനം തുടങ്ങിയവ വാഹനത്തിന്റെ സാങ്കേതിക തികവ് തെളിയിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..