പെട്രോള്‍-ഡീസല്‍ വിലവര്‍ധനവോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത ജനപ്രീതി കൈവന്നിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉയര്‍ന്ന വില മാത്രമാണ് ഉപയോക്താക്കള്‍ക്ക് മുന്നിലുള്ള ഏക വെല്ലുവിളി. അതേസമയം, താരതമ്യേന വില കുറഞ്ഞ ടാറ്റ നെക്‌സോണ്‍ ഇ.വിക്ക് മറ്റ് വാഹനങ്ങളെക്കാള്‍ വില്‍പ്പന നേട്ടമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുറഞ്ഞ വിലയില്‍ ZS EV ലഭ്യമാക്കുന്നതിനുള്ള മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് എം.ജി. മോട്ടോഴ്‌സ്.

ബാറ്ററിയാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകം. ബാറ്ററിയുടെ ശേഷി ഉയരുന്നതിന് അനുസരിച്ച് വില വര്‍ധിപ്പിക്കാനും നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകും. നിലവില്‍ 44.5 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയാണ് ZS ഇലക്ട്രിക്കിന്റെ ഹൃദയം. അതുകൊണ്ട് തന്നെ വിലയിലും അല്‍പ്പം മുന്നിലാണ് ഈ വാഹനം. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 40 കിലോ വാട്ട് ബാറ്ററിയുമായി ZS ഇലക്ട്രിക്കിന്റെ പുതിയ പതിപ്പ് എത്തിക്കുകയാണ് എം.ജി. മോട്ടോഴ്‌സ്.

പുതിയ ബാറ്ററി പാക്ക് നല്‍കുന്നതോടെ റേഞ്ചില്‍ നേരിയ കുറവ് സംഭവിച്ചേക്കാം. എന്നാല്‍, ബാറ്ററിയുടെ ശേഷി കുറയുന്നതോടെ വിലയില്‍ കാര്യമായ കുറവ് വരുത്താന്‍ നിര്‍മാതാക്കള്‍ക്ക് കഴിയുമെന്നതാണ് പ്രധാന സവിശേഷത. ഈ ബാറ്ററി പാക്ക് നിലവിലുള്ള വാഹനത്തില്‍ തന്നെ നല്‍കുകയോ അല്ലെങ്കില്‍ ഓപ്ഷണലായി നല്‍കുകയോ ചെയ്‌തേക്കുമെന്നാണ് വിവരങ്ങള്‍. പുതിയ വാഹനത്തിലൂടെ നെക്‌സോണിന് കടുത്ത മത്സരം സമ്മാനിക്കാന്‍ ZS EV-ക്ക് സാധിച്ചേക്കും.

415 കിലോ മീറ്ററാണ് 44.5 കിലോ വാട്ട് ബാറ്ററിയുള്ള എം.ജി. ZS EV ഉറപ്പ് നല്‍കുന്നത്. പുതിയ ബാറ്ററി നല്‍കുന്നതോടെ ഇത് 350 കിലോ മീറ്ററായി കുറഞ്ഞേക്കും. ഇതോടെ നിര്‍മാണ ചെലവിലും മറ്റുമുണ്ടാകുന്ന കുറവ് വിലയിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഈ ഇലക്ട്രിക് വാഹനത്തില്‍ 140 ബി.എച്ച്.പി. പവറും 352 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലെ മികച്ച കരുത്താണിത്.

ഇന്ത്യയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിനുള്ള പദ്ധതിയും എം.ജി. മോട്ടോഴ്‌സ് ഒരുക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ഒരു ഇലക്ട്രിക് കോംപാക്ട് എസ്.യു.വിയാണ് ആദ്യമെത്തുകയെന്നും വിവരമുണ്ട്. ബാവ്ജന്‍ ഇ200-ന്റെ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനം ഒരുങ്ങുകയെന്നാണ് വിവരം. പത്ത് ലക്ഷം രൂപയില്‍ താഴെ വില പ്രതീക്ഷിക്കുന്ന ഈ ഇലക്ട്രിക് കോംപാക്ട് എസ്.യു.വി. 2024-ഓടെ നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

Source: Team BHP

Content Highlights: MG ZS Electric To Get Smaller Battery Pack