എം.ജി. ZS ഇലക്ട്രിക് | Photo: Team BHP
ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ ജനപ്രീതി നേടി നല്‍കിയതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള മോഡലാണ് എം.ജി. മോട്ടോഴ്സിന്റെ ZS ഇലക്ട്രിക് എന്ന വാഹനം. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് ഇലക്ട്രിക് എസ്.യു.വി. എന്ന വിശേഷണം സ്വന്തമാക്കി എത്തിയ ഈ വാഹനം മുഖം മിനുക്കിയുള്ള വരവിന് ഒരുങ്ങുകയാണ്. കൂടുതല്‍ ഫീച്ചറുകളും, ഉയര്‍ന്ന റേഞ്ചും മികച്ച ഇലക്ട്രിക് വാഹനങ്ങളുടെ ഭാവവുമായി എത്തുന്ന ZS ഇലക്ട്രിക്ക് മാര്‍ച്ച് ഏഴിന് അവതരിപ്പിക്കും.
എം.ജി. മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹാലോല്‍ പ്ലാന്റില്‍ പുതിയ വാഹനത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. വരവിനോട് അനുബദ്ധിച്ച് പുതിയ ZS ഇലക്ട്രിക്കിന്റെ ബുക്കിങ്ങ് എം.ജി. മോട്ടോഴ്സ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുതിയ മോഡലില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളും പുതുമയും വെളിപ്പെടുത്തിയിട്ടുള്ള ചിത്രങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എം.ജി. മോട്ടോഴ്സ് പുറത്തുവിട്ടിരുന്നു.
കാര്യമായ മുഖം മിനുക്കലാണ് പുതിയ ZS വരുത്തിയിട്ടുള്ളതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. റെഗുലര്‍ എസ്.യു.വിയുടെ രൂപത്തില്‍ നിന്ന് പൂര്‍ണമായും ഇലക്ട്രിക് വാഹനത്തിന്റെ രൂപത്തിലേക്ക് മാറിയതാണ് പ്രധാന പുതുമ. പൂര്‍ണമായും മൂടിക്കെട്ടിയ ഗ്രില്ല്, മുന്‍ മോഡലില്‍ നല്‍കിയിരുന്നത് പോലെയുള്ള ചാര്‍ജിങ്ങ് പോര്‍ട്ട്, വലിയ എയര്‍ഡാം, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പ് എന്നിവയാണ് മുഖഭാവത്തില്‍ വരുത്തിയിട്ടുള്ള പുതുമ.

ആസ്റ്ററില്‍ നിന്നെടുക്കുന്ന ഏതാനും ഫീച്ചറുകള്‍ നല്‍കിയാണ് അകത്തളത്തിന് ഒരുക്കിയിട്ടുള്ളത്. ഫീച്ചറുകള്‍ മുന്‍ മോഡലിലേത് തുടര്‍ന്നാണ് പുതിയ മോഡലിന്റേയും വരവ്. നിലവിലെ എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റിന് പകരമായി 10.1 ഇഞ്ച് വലിപ്പമുള്ള സ്ക്രീന്‍ നല്‍കും. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇത്തവണ നല്‍കുന്നുണ്ട്. സ്റ്റിയറിങ്ങ് വീല്‍, ക്ലൈമറ്റ് കണ്ട്രോള്, സീറ്റുകള്‍ തുടങ്ങിയവ ZS ഇലക്ട്രിക്കിന്റെ നിലവിലെ മോഡലിലേത് തുടരുന്നുണ്ട്.
എം.ജിയുടെ മറ്റ് വാഹനങ്ങള്‍ക്ക് സമാനമായി ഉയര്‍ന്ന സുരക്ഷ ZS ഇലക്ട്രിക്കിലും നല്‍കുന്നുണ്ട്. ആസ്റ്ററില്‍ നല്‍കിയിട്ടുള്ള അഡാസ് (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) ഈ ഇലക്ട്രിക് എസ്.യു.വിയിലേക്കും നല്‍കുമെന്നാണ് സൂചനകള്‍. മുന്നിലെ ഗ്രില്ലില്‍ ക്യാമറ നല്കിയിട്ടുള്ളതിനാല് തന്നെ 360 ഡിഗ്രി വ്യൂ ലഭ്യമാക്കിയേക്കും. എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി. തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ അടിസ്ഥാന ഫീച്ചറായി ZS-ല്‍ സ്ഥാനം പിടിക്കും.

മുന്‍ മോഡലിനെക്കാള്‍ ഉയര്‍ന്ന റേഞ്ചാണ് നിര്‍മാതാക്കള്‍ പ്രാധാന്യം നല്കുന്ന മറ്റൊരു കാര്യം. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 480 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 419 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനം നല്‍കുന്നത്. നിലവിലെ 44.5 kWh ബാറ്ററി പാക്കിന് പകരം 51 kWh ബാറ്ററി പാക്കായിരിക്കും ഇതില്‍ നല്‍കുക. 141 ബി.എച്ച്.പി. പവറും 353 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ZS ഇലക്ട്രിക്കിന്റെ ഹൃദയം.
Content Highlights: MG ZS Electric SUV to launch on march 7, New MG ZS Electric, MG Motors, MG Electric
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..