എം.ജി. ZS ഇലക്ട്രിക് | Photo: Team BHP
കൂടുതല്‍ റേഞ്ച്, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇണങ്ങുന്ന രൂപം, സുരക്ഷയൊരുക്കുന്നതിനുള്ള നിരവധി ഫീച്ചറുകള്‍ എന്നിവ നല്കി ഒരു മുഖംമിനുക്കലിന് ഒരുങ്ങുകയാണ് എം.ജി. മോട്ടോഴ്സിന്റെ ഇലക്ട്രിക് മോഡലായ ZS. മുഖംമിനുക്കല്‍ എന്ന പ്രയോഗം അന്വര്‍ഥമാക്കുന്ന രൂപമാണ് ഈ വാഹനത്തില്‍ വരുത്തിയിട്ടുള്ളതെന്നാണ് കഴിഞ്ഞ ദിവസം എം.ജി. മോട്ടോഴ്സ് പുറത്തുവിട്ട ചിത്രങ്ങള്‍ തെളിയിക്കുന്നത്. അവതരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ എത്തുമെന്നാണ് സൂചന.
വാഹനത്തിന്റെ അകത്തളത്തിനും പുറത്തുമായി എം.ജിയുടെ മിഡ് സൈസ് എസ്.യു.വി. മോഡലായ ആസ്റ്ററില്‍ നിന്നുള്ള ഫീച്ചറുകളും ഡിസൈനുകളും കടംകൊണ്ടാണ് പുതിയ ZS ഇലക്ട്രിക് ഒരുങ്ങിയിട്ടുള്ളത്. കാഴ്ചയില്‍ ഇലക്ട്രിക് വാഹനത്തിന്റെ രൂപം വരുത്തിയതാണ് പ്രധാന പുതുമ. പൂര്‍ണമായും മൂടിക്കെട്ടിയ ഗ്രില്ല്, മുന്‍ മോഡലില്‍ നല്‍കിയിരുന്നത് പോലെയുള്ള ചാര്‍ജിങ്ങ്, വലിയ എയര്‍ഡാം, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പ് എന്നിവയാണ് മുഖഭാവത്തില്‍ വരുത്തിയിട്ടുള്ള പുതുമ.
വശങ്ങളില് കാര്യമായ മാറ്റം വരുത്താതെയാണ് ഇത്തവണ എത്തുന്നത്. ഫെന്‍ഡറിലെ ഇലക്ട്രിക് ബാഡ്ജിങ്ങ് അതുപോലെ നിലനിര്‍ത്തിയതിനൊപ്പം 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലും ഇതില്‍ നല്‍കിയിട്ടുണ്ട്. ബോഡി കളറില്‍ നിന്ന് വ്യത്യസ്തമായ നിറം നല്‍കിയിട്ടുള്ള ഡോര്‍ ഹാന്‍ഡിലും വശങ്ങളില് കാണാം. പിന്‍ഭാഗത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പും പുതിയ ഡിസൈനിലെ ബമ്പറുമാണ് നല്‍കുന്നതെന്നാണ് വിലയിരുത്തലുകള്‍.
ആസ്റ്ററില്‍ നിന്നെടുക്കുന്ന ഏതാനും ഫീച്ചറുകള്‍ നല്‍കിയായിരിക്കും അകത്തളം പുതുക്കി പണിയുകയെന്നാണ് വിവരം. ഫീച്ചറുകള്‍ മുന്‍ മോഡലിലേത് തുടര്‍ന്നേക്കും. നിലവിലെ എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റിന് പകരമായി 10.1 ഇഞ്ച് വലിപ്പമുള്ള സ്ക്രീന്‍ നല്‍കും. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇത്തവണ നല്‍കുന്നുണ്ട്. സ്റ്റിയറിങ്ങ് വീല്‍, ക്ലൈമറ്റ് കണ്ട്രോള്, സീറ്റുകള്‍ തുടങ്ങിയവ ZS ഇലക്ട്രിക്കിന്റെ നിലവിലെ മോഡലില്‍ നല്‍കിയിട്ടുള്ളതായിരിക്കും ഇതിലേക്കും നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
സുരക്ഷയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതും ഇത്തവണത്തെ മുഖം മിനുക്കലിലെ ഹൈലൈറ്റാണ്. എം.ജിയുടെ ആസ്റ്റര്‍ എസ്.യു.വിയില്‍ നല്‍കിയിട്ടുള്ള അഡാസ് (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) ഈ ഇലക്ട്രിക് എസ്.യു.വിയിലേക്കും നല്‍കുമെന്നാണ് സൂചനകള്‍. മുന്നിലെ ഗ്രില്ലില്‍ ക്യമാറ നല്കിയിട്ടുള്ളതിനാല് തന്നെ 360 ഡിഗ്രി വ്യൂ ലഭ്യമാക്കിയേക്കും. എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി. തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ അടിസ്ഥാന ഫീച്ചറായി ZS-ല്‍ സ്ഥാനം പിടിക്കും.
മുന്‍ മോഡലിനെക്കാള്‍ ഉയര്‍ന്ന റേഞ്ചുമായായിരിക്കും പുതിയ പതിപ്പ് എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 480 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 419 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനം നല്‍കുന്നത്. നിലവിലെ 44.5 kWh ബാറ്ററി പാക്കിന് പകരം 51 kWh ബാറ്ററി പാക്കായിരിക്കും ഇതില്‍ നല്‍കുക. 141 ബി.എച്ച്.പി. പവറും 353 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ZS ഇലക്ട്രിക്കിന്റെ ഹൃദയം.
Content Highlights: MG ZS Electric Facelift Model, MG Motors, MG ZS EV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..