രാജ്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോഴ്‌സ് ആദ്യഘട്ടത്തില്‍ തന്നെ ഇലക്ട്രിക് കാറുകളും ഇങ്ങോട്ടെത്തിക്കും. ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (SAIC) ഉടമസ്ഥതിയിലുള്ള മോറിസ് ഗാരേജസ് (എംജി) അടുത്ത വര്‍ഷമാണ് ഇന്ത്യയിലെത്തുന്നത്. പരമ്പരാഗത ഇന്ധന എസ്.യു.വി മോഡല്‍ അവതരിപ്പിച്ചാണ് എംജി ഇന്ത്യന്‍ പ്രവേശനം ആരംഭിക്കുക. ഇതിന് പിന്നാലെയെത്തുന്ന രണ്ടാമത്തെ മോഡല്‍ ഒരു ഇലക്ട്രിക് എസ്.യു.വി ആയിരിക്കുമെന്ന് എംജി മോട്ടോഴ്‌സ് വ്യക്തമാക്കി. 

ഇലക്ട്രിക് മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ എംജി അധികൃതകര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ഇന്ത്യയിലെത്തി ഒരു വര്‍ഷത്തിനകം ഇലക്ട്രിക് കാര്‍ നിരത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നേരത്തെ ഈ വര്‍ഷം തുടക്കത്തില്‍ റോവി ERX5 ഇലക്ട്രിക് എസ്.യു.വിയുമായി എംജി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷ ഓട്ടം നടത്തിയിരുന്നു. സൂചനകള്‍ പ്രകാരം ഈ മിഡ്‌സൈന്‍ എസ്.യു.വി തന്നെയാകും ഇലക്ട്രിക്കില്‍ ആദ്യമെത്തുക. ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ഈ മോഡല്‍ എംജി അസംബ്ലിള്‍ ചെയ്ത് വിപണിയിലെത്തിക്കുക. 

114 ബിഎച്ച്പി പവറും 225 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് ERX5-ലെ ഇലക്ട്രിക് മോട്ടോര്‍. 48.3 kWh ലിഥിയം അയോണ്‍ ബാറ്ററിയാണ് ഇതിലുള്ളത്. ഒറ്റചാര്‍ജില്‍ 425 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനും വാഹനത്തിന് സാധിക്കും. ഇതിന് തൊട്ടുതാഴെ വരുന്ന ഇലക്ട്രിക് കാറുകളും കമ്പനി ഇന്ത്യയിലേക്ക് പരിഗണിച്ചേക്കും. അടുത്ത വര്‍ഷം തുടക്കത്തില്‍ ഇവിടെ അരങ്ങേറ്റം കുറിക്കുന്ന ആദ്യഘട്ടത്തില്‍ തന്നെ രാജ്യത്തുടനീളം 45 ഡീലര്‍ഷിപ്പും ഉപഭോക്താക്കള്‍ക്കായി 100 ടച്ച്‌പോയന്റ്‌സും തുറക്കുമെന്ന്‌ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

Content Highlights; MG's second product for India to be an electric SUV