എം.ജി. മോട്ടോഴ്‌സ് ആഗോളതലത്തില്‍ അവതരണത്തിനൊരുങ്ങുന്ന ഏറ്റവും പുതിയ എസ്.യു.വി. മോഡലായ എം.ജി. വണ്ണിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. ജൂലൈ 30-നാണ് വണ്‍ എസ്.യു.വിയുടെ ഗ്ലോബല്‍ പ്രീമിയര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എം.ജി. മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലിയും സാങ്കേതികവിദ്യകളും ആവാഹിച്ചെത്തുന്ന വാഹനമാണ് വണ്‍ എന്നാണ് സൂചനകള്‍. 

എം.ജി. മോട്ടോഴ്‌സ് പുതുതായി വികസിപ്പിച്ചെടുത്ത ഓള്‍ ഇന്‍ വണ്‍ ഡിസൈന്‍ഡ് പ്ലാറ്റ്‌ഫോമായ സിഗ്മ ആര്‍കിടെക്ചറിലാണ് വണ്‍ ഒരുങ്ങുന്നത്. കൂടുതല്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വാഹനം എത്തിക്കുന്നതിന്റെ ഭാഗമായി ചിപ്പ് ടെക്‌നോളജിയും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് സിഗ്മ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിട്ടുള്ളത്. 

എം.ജി. വണ്ണിന്റെ ഡിസൈന്‍ ശൈലി വെളിപ്പെടുത്തിയുള്ള ടീസര്‍ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൂപ്പെ വാഹനങ്ങള്‍ക്ക് സമാനമായി പിന്നിലേക്ക് ചെരിഞ്ഞിറങ്ങുന്ന റൂഫാണ് വണ്ണില്‍ നല്‍കിയിട്ടുള്ളത്. സ്‌പോര്‍ട്ടി ഭാവമുള്ള ഡിസൈന്‍ ശൈലിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. എക്സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതാണ്.

MG One
എം.ജി. വണ്‍ ടീസര്‍ ചിത്രം | Photo: MG Motors India

എം.ജിയുടെ മറ്റ് മോഡലുകളില്‍ കണ്ട് പരിചയമില്ലാത്ത പുതിയ ഡിസൈന്‍ നല്‍കിയിട്ടുള്ള ബ്ലാക്ക് ഫിനീഷ് ഗ്രില്ലാണ് ഈ വാഹനത്തിലുള്ളത്. ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയിള്ള ബമ്പര്‍, നേര്‍ത്ത ഡിസൈനിലുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, പവര്‍ ലൈനുകള്‍ നല്‍കിയുള്ള ബോണറ്റ്, അലോയി വീലുകള്‍, ഹാച്ച് ഡോറില്‍ മുഴുവന്‍ നീളുന്ന ടെയ്ല്‍ലാമ്പ് എന്നിവയാണ് പുറം ഭാഗത്തെ മോടിപിടിപ്പിക്കുന്നത്. 

MG One
എം.ജി. വണ്‍ ടീസര്‍ ചിത്രം | Photo: MG Motors India

അകത്തളത്തെ ഫീച്ചറുകളും പ്രത്യേകതകളും ജൂലൈ 30-ന് വെളിപ്പെടുത്തും. മെക്കാനിക്കല്‍ ഫീച്ചറുകളും രഹസ്യമാണ്. അതേസമയം, 180 ബി.എച്ച്.പി. പവറും 260 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇതില്‍ നല്‍കുകയെന്നാണ് പ്രവചനങ്ങള്‍. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നിവയായിരിക്കും എം.ജി. വണ്ണില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക. 

Content Highlights: MG's new SUV - MG ONE furthers Brand Design & Tech Prowess