ഫീച്ചറുകളില്‍ ഞെട്ടിച്ചാണ് എം.ജിയുടെ റെഗുലര്‍ വാഹനങ്ങള്‍ എത്തുന്നതെങ്കില്‍ റേഞ്ചിലും ഫീച്ചറുകളിലും ഒരു പോലെ അദ്ഭൂതപ്പെടുത്തിയാണ് എം.ജിയുടെ ഇലക്ട്രിക് മോഡല്‍ എത്തിയത്. 340 കിലോമീറ്റര്‍ റേഞ്ചുമായാണ് എം.ജിയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വിയായ ZS ഇലക്ട്രിക് ഇന്ത്യയിലെത്തിയത്. അത് 419 ആയി ഉയര്‍ത്തിയാണ് കഴിഞ്ഞ ദിവസം ZS ഇലക്ട്രിക്കിന്റെ പുതിയ പതിപ്പ് വിപണിയില്‍ എത്തിയത്. ഈ വാഹനത്തിന് പുറമെ, പുതിയ ഒരു ഇലക്ട്രിക് വാഹനം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് എം.ജി. മോട്ടോഴ്‌സ്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനമായിരിക്കും എം.ജി.മോട്ടോഴ്‌സില്‍ നിന്ന് ഇനിയെത്തുന്ന ഇലക്ട്രിക് വാഹനമെന്ന് എം.ജി.മോട്ടോഴ്‌സ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ രാജീവ് ചാബാ കാര്‍ ആന്‍ഡ് ബൈക്കിനോട് പറഞ്ഞു. എന്നാല്‍, ഈ വാഹനത്തില്‍ ഉപയോഗിക്കുന്ന ബാറ്ററി എതായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. എം.ജി. ZS ഇലക്ട്രിക്കില്‍ നല്‍കിയിട്ടുള്ള ബാറ്ററിയുടെ ശേഷി ഉയര്‍ത്തിയായിരിക്കും പുതിയ വാഹനത്തില്‍ നല്‍കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
അവതരിപ്പിച്ച ഇതിനോടകം ZS ഇലക്ട്രിക്കിന്റെ 1300 യൂണിറ്റാണ് എം.ജി. മോട്ടോഴ്‌സ് വിറ്റഴിച്ചിട്ടുള്ളത്. 500 കിലോമീറ്റര്‍ റേഞ്ചുള്ള വാഹനം എത്തുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണി കൈപ്പിടിയില്‍ ഒതുക്കാമെന്നാണ് എം.ജി.മോട്ടോഴ്‌സിന്റെ പ്രതീക്ഷ. നിലവില്‍ ടാറ്റ മോട്ടോഴ്‌സാണ് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നത്. എന്നാല്‍, കുറഞ്ഞ വിലയിലുള്ള വാഹനം എത്തുന്നതോടെ ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാന്‍ എം.ജിക്ക് സാധിക്കുമെന്നും കമ്പനി അറിയിച്ചു.
റേഞ്ചില്‍ ഉള്‍പ്പെടെ കാര്യമായ മാറ്റം വരുത്തി എം.ജി. ZS ഇലക്ട്രിക് കഴിഞ്ഞ ദിവസമാണ് മുഖം മിനുക്കിയെത്തിയത്. 419 കിലോമീറ്ററാണ് പുതിയ മോഡല്‍ നല്‍കുന്ന റേഞ്ച്. എക്സൈറ്റ്, എക്സ്‌ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് എസ്.യു.വിക്ക് യഥാക്രമം 20.99 ലക്ഷവും 24.18 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറും വില. മുന്‍ മോഡലിനെക്കാള്‍ 11,000 രൂപ മുതല്‍ 66,000 രൂപ വരെ വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
ഐ.പി6 സര്‍ട്ടിഫൈഡ് 44.5 കിലോവാട്ട് ഹൈടെക് ബാറ്ററിയാണ് ZS ഇലക്ട്രിക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം 141 ബി.എച്ച്.പി. പവറും 353 എന്‍.എം.ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും നല്‍കിയിട്ടുണ്ട്. സ്റ്റാന്റേഡ് ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ട് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തില്‍ 50 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും.
Source: NDTV Car and Bike
Content Highlights: MG Planning To Launch An Electric Car With 500 KM Range
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..