ലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനമൊരുക്കുന്നതിനായി എംജി മോട്ടോഴ്‌സും ടാറ്റ പവറും ഒന്നിക്കുന്നു. ഇരുകമ്പനികളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തുടനീളമുള്ള എംജിയുടെ തിരഞ്ഞെടുത്ത ഷോറൂമുകളില്‍ 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നാണ് സൂചന.

പ്രധാനമായും എംജിയുടെ ഇലക്ട്രിക് മോഡലായ ZS-ന്റെ ഉപയോക്താക്കള്‍ക്കായാണ് ഈ സേവനമൊരുക്കുന്നത്. ഇവയ്ക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങളിലെ CCS / CHAdeMO ചാര്‍ജിംഗ് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന മറ്റ് ഇവി ഉടമകള്‍ക്കും ഈ ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.

ZS ഇലക്ട്രിക് ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ എംജിയുടെ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിലെ ഷോറൂമുകളില്‍ മുമ്പുതന്നെ ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനം ഒരുക്കിയിരുന്നു. ആദ്യം ആറ് നഗരങ്ങളില്‍ മാത്രമായിരുന്നു ZS ഇലക്ട്രിക് എത്തിയിരുന്നത്. 

എന്നാല്‍, അടുത്തിടെ എംജി ZS ഇലക്ട്രിക് നെറ്റ്‌വര്‍ക്ക് കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടാറ്റയുമായി സഹകരിച്ച് കൂടുതല്‍ ചാര്‍ജിങ്ങ് സെന്ററുകള്‍ ഒരുക്കാന്‍ കമ്പനി തീരുമാനിച്ചത്. ഇരുകമ്പനികളുടെയും സഹകരണത്തില്‍ ഇവി ബാറ്ററിയുടെ നിര്‍മാണം പരിഗണിക്കുമെന്നാണ് സൂചന.

ഇന്ത്യന്‍ നിരത്തുകളില്‍ എംജിയുടെ ഇലക്ട്രിക് വാഹനങ്ങളുടെ നിര വിപുലമാക്കുമെന്ന് നിര്‍മാതാക്കള്‍ അടുത്തിടെ അറിയിച്ചിരുന്നു. എംജി ZS ഇലക്ട്രിക്കിന്റെ വില കുറഞ്ഞ പതിപ്പും, 500 കിലോമീറ്റര്‍ റേഞ്ചുള്ള വാഹനവും അടുത്ത വര്‍ഷത്തോടെ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: MG partners With Tata Power To Set Up Fast Chargers For Electric Vehicle