വൂലിങ്ങ് എയർ ഇ.വി | Photo: Wuling Motors
ഇന്ത്യന്‍ നിരത്തുകളില്‍ എസ്.യു.വിയുമായി മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള എം.ജി. മോട്ടോഴ്സ് കുഞ്ഞന്‍ കാറുകളിലേക്കും തിരിയുന്നു. ഇലക്ട്രിക് കരുത്തിലുള്ള ചെറുകാര്‍ എത്തിക്കാനാണ് എം.ജി. മോട്ടോഴ്സ് തയാറെടുക്കുന്നത്. ഇൻഡൊനീഷ്യയില്‍ പ്രദര്‍ശിപ്പിച്ച വൂലിങ്ങ് എയര്‍ ഇ.വിയെ അടിസ്ഥാനമാക്കി എം.ജിയുടെ ഗ്ലോബല്‍ സ്മോള്‍ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്ഫോമിലായിരിക്കും കുഞ്ഞന്‍ ഇലക്ട്രിക് വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇ2230 എന്ന കോഡ്നെയിമിലായിരിക്കും എം.ജിയുടെ ഇലക്ട്രിക് വാഹനം നിര്‍മിക്കുക. വൂലിങ്ങ് എയര്‍ ഇ.വിയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും ഇന്ത്യയുടെ ഡ്രൈവിങ്ങ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങള്‍ വരുത്തിയായിരിക്കും എം.ജിയുടെ മോഡലിന്റെ നിര്‍മാണം. ടു ഡോര്‍ ബോഡി സ്റ്റൈലിലാണ് ഇ230 ഒരുങ്ങുന്നത്. 12 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളായിരിക്കും എം.ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് മോഡലില്‍ സ്ഥാനം പിടിക്കുന്നത്.
ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 39 ബി.എച്ച്.പി. ഇലക്ട്രിക് മോട്ടോറും 20-25 കിലോവാട്ട് അവര്‍ ബാറ്ററി പാക്കുമായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശ്രേണിയില്‍ ഈ വാഹനത്തില്‍ ഒരുങ്ങും. ടാറ്റ ഓട്ടോകോമ്പോയില് നിന്നായിരിക്കും ഈ വാഹനത്തിനുള്ള ബാറ്ററി ഒരുങ്ങുക. പത്ത് ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭ്യമാക്കാനാണ് നിര്‍മാതാക്കളുടെ ലക്ഷ്യമെന്നും അഭ്യൂഹങ്ങളുണ്ട്.

2900 എം.എം. നീളവും 2010 എം.എം. വീല്ബേസിലുമായിരിക്കും ഈ ഇലക്ട്രിക് വാഹനം ഒരുങ്ങുക. പ്രധാനമായും രണ്ടുപേര്‍ക്ക് യാത്രയ്ക്ക് ഉദ്ദേശിച്ചാണ് ഈ വാഹനം ഒരുങ്ങുന്നത്. എന്നാല്‍, പിന്‍നിരയിലും ചെറിയ സീറ്റുകള്‍ നല്‍കും. എയര്‍ ഇ.വിയെ അടിസ്ഥാനമാക്കി ഒരുങ്ങുന്നതിനാല്‍ തന്നെ കാഴ്ചയിലും ഏറെ സ്റ്റൈലിഷായിരിക്കും ഈ വാഹനമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോണറ്റിന് പകരം ഫ്ളോട്ടിങ്ങ് ആയിട്ടുള്ള മുന്‍ഭാഗമായിരിക്കും എം.ജിയുടെ വാഹനത്തിലും നല്‍കുക.
ഫീച്ചറുകളുടെ കാര്യത്തിലും ഈ വാഹനം ഒട്ടും പിന്നിലായിരിക്കില്ല. എം.ജി. ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മറ്റ് മോഡലുകള്‍ക്ക് സമാനമായി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായുള്ള ഫീച്ചറുകള്‍ ഇതിലും സ്ഥാനം പിടിക്കും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുകളും ഈ വാഹനത്തിന്റെ അകത്തളത്തില്‍ പ്രതീക്ഷിക്കാം. 2023-ല്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ ഈ വാഹനം പ്രദര്ശനത്തിനെത്തിച്ചേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..