എം.ജി. മോട്ടോഴ്‌സിന്റെ അടുത്ത മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നതിനുള്ള സമയം അടുത്തിരിക്കുകയാണ്. എം.ജിയില്‍നിന്ന് നിരത്തുകളില്‍ എത്തിയിട്ടുള്ള ഇലക്ട്രിക് എസ്.യു.വിയായ ZS EV-യുടെ പെട്രോള്‍ പതിപ്പായിരിക്കും ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന അടുത്ത എം.ജി. വാഹനമെന്നാണ് സൂചന. ആസ്റ്റര്‍ എന്ന പേര് നല്‍കിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ എസ്.യു.വി. ഈ വര്‍ഷത്തിന്റെ അവസാനപാദത്തില്‍ നിരത്തുകളില്‍ എത്തിക്കുമെന്നാണ് വിവരങ്ങള്‍. 

ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലായിരിക്കും ഈ വാഹനത്തിന്റെ സ്ഥാനമെന്നാണ് വിവരം. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിരത്തുകളില്‍ എത്താനിരിക്കുന്ന സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നീ വാഹനങ്ങളോടായിരിക്കും ആസ്റ്റര്‍ ഏറ്റുമുട്ടുക. നിരത്തുകളില്‍ എത്തുന്നതിന് മുന്നോടിയായ ആസ്റ്റര്‍ എസ്.യു.വി. പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ മുമ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അടുത്തിടെയാണ് പേര് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്. 

രൂപത്തിലും വലിപ്പത്തിലും ഇലക്ട്രിക് എസ്.യു.വിയായ ZS-ന് സമാനമായിരിക്കും ആസ്റ്ററുമെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, നേരിയ ഡിസൈന്‍ മാറ്റങ്ങളും ഈ വാഹനത്തില്‍ വരുന്നുണ്ട്.
ഷാര്‍പ്പ് ഡിസൈനിലുള്ള ഹെഡ്ലാമ്പ്, എല്‍.ഇ.ഡി.ഡി.ആര്‍.എല്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍, കൂടുതല്‍ സ്‌റ്റൈലിഷായുള്ള ഹണി കോമ്പ് ഡിസൈനിലുള്ള ഗ്രില്ല് എന്നിവയായിരിക്കും ZS ഇലക്ട്രിക്കില്‍ നിന്ന് ആസ്റ്ററാകുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍. 

സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനങ്ങളുള്ള 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എം.ജിയുടെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ള ഐസ്മാര്‍ട്ട് കണക്ടഡ് കാര്‍ സംവിധാനം എന്നിവ അകത്തളത്തില്‍ നല്‍കുന്നുണ്ട്. ഇതിനൊപ്പം പനോരമിക് സണ്‍റൂഫ്, പവേഡ് ഡ്രൈവര്‍ സീറ്റ, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയുള്ള ഫീച്ചറുകളും ആസ്റ്റര്‍ എസ്.യു.വിയുടെ അകത്തളത്തെ സമ്പന്നമാക്കും.

1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ആസ്റ്ററിന്റെ ഹൃദയം. ഇത് യഥാക്രമം 120 ബി.എച്ച്.പി. പവറും 150 എന്‍.എം. ടോര്‍ക്കും, 163 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.5 ലിറ്റര്‍ എന്‍ജിന്‍ വേരിയന്റിനൊപ്പം ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് നല്‍കും. ടര്‍ബോ എന്‍ജിന്‍ മോഡലില്‍ അഞ്ച് സ്പീഡ് മാനുവല്‍ സി.വി.ടി എന്നീ ഗിയര്‍ബോക്സുകള്‍ നല്‍കിയേക്കും.

Source: India Car News

Content Highlights: MG Motors To Launch Astor SUV In Third Quarter Of 2021