ലക്ട്രിക് വാഹനങ്ങളില്‍ ഭാവി ഭദ്രമാക്കുന്നതിനായി കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് മോഡലുകള്‍ നിരത്തുകളില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് എസ്.യു.വി. നിര്‍മാതാക്കളായ എം.ജി. മോട്ടോഴ്‌സ്. ഇതിന്റെ ഭാഗമായി എം.ജി. മോട്ടോഴ്‌സിന്റെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. 20 ലക്ഷം രൂപയില്‍ താഴെയുള്ള ഇലക്ട്രിക് വാഹനമായായിരിക്കും അടുത്ത മോഡല്‍ എത്തിക്കുകയെന്നാണ് സൂചന.

നിലവില്‍ എം.ജി. മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഇലക്ട്രിക് വാഹനമാണ് ZS EV-ക്ക് 24.18 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. എം.ജി. മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹനത്തിന്റെ വില്‍പ്പനയില്‍ കമ്പനി തൃപ്തരാണ്. അതുകൊണ്ടുതന്നെ ഭാവിയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാനാണ് എം.ജിയുടെ ലക്ഷ്യം. എന്നാല്‍, കുറഞ്ഞ വിലയിലുള്ള വാഹനങ്ങളാണ് നിര്‍മിക്കാന്‍ ആലോചിക്കുന്നതെന്നും എം.ജി. മോട്ടോഴ്‌സ് ഇന്ത്യയുടെ മേധാവി അറിയിച്ചു.

ഇന്ത്യന്‍ വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ZS ഇലക്ട്രിക്കിന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഈ എസ്.യു.വിയുടെ 1300 യൂണിറ്റ് ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ട്. വില കുറഞ്ഞ അടുത്ത ഇലക്ട്രിക് മോഡല്‍ എത്തിക്കുന്നതോടെ ഈ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായി ഹാലോലിലെ പ്ലാന്റിന്റെ മുഴുവന്‍ സംവിധാനങ്ങളും കമ്പനി ഉപയോഗപ്പെടുത്തുമെന്നും എം.ജി. മോട്ടോഴ്‌സ് മേധാവി ഉറപ്പുനല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ എം.ജി. മോട്ടോഴ്‌സ് ഇലക്ട്രിക് എസ്.യു.വിയായ ZS-ന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരുന്നു. ഡിസൈനില്‍ അഴിച്ചുപണി നടത്താതെ മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ മോഡല്‍ എത്തിയത്.  ഐ.പി 6 സര്‍ട്ടിഫൈഡ് 44.5 കിലോവാട്ട് ഹൈടെക് ബാറ്ററിയാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 141 ബി.എച്ച്.പി. പവറും 353 എന്‍.എം.ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ZS-ലുള്ളത്. 419 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 

എം.ജി. ZS ഇലക്ട്രിക്കിന്റെ പെട്രോള്‍ മോഡലും ഇന്ത്യന്‍ നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ്. എം.ജി. ആസ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഈ വര്‍ഷം അവസാനത്തോടെ എത്തിയേക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ എം.ജിയുടെ അടുത്ത അവതരണം ആസ്റ്ററാകാനാണ് സാധ്യത. എം.ജി. ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ZS ഇലക്ട്രിക്, ഗ്ലോസ്റ്റര്‍ എസ്.യു.വി. തുടങ്ങിയ വാഹനമാണ് എം.ജി. മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ വാഹന നിരയിലുള്ളത്.

Content Highlights: MG Motors To Launch Affordable Electric Vehicle In India