എം.ജി. മോട്ടോഴ്‌സ് ഇന്ത്യയിലെത്തിച്ച ഹെക്ടര്‍ എസ്.യു.വിയുടെ മുഖം മിനുക്കലിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വാഹനലോകം സാക്ഷ്യം വഹിച്ചത്. മെക്കാനിക്കലായി കാര്യമായ മാറ്റം വരുത്താതെ ലുക്കില്‍ മാത്രം പുതുമയുമായി എത്തിയ ഈ വാഹനത്തില്‍ പുതിയ ട്രാന്‍സ്മിഷന്‍ കൂടി സ്ഥാനം പിടിക്കുകയാണ്. സി.വി.ടിയാണ് ഹെക്ടറില്‍ ഒരുക്കുന്ന പുതിയ ട്രാന്‍സ്മിഷന്‍.
ഹെക്ടറിന്റെ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലാണ് സി.വി.ടി. ഗിയര്‍ബോക്‌സ് നല്‍കാനൊരുങ്ങുന്നത്. വരും ദിവസങ്ങളില്‍ തന്നെ പുതിയ ട്രാന്‍സ്മിഷനിലുള്ള ഹെക്ടര്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഹെക്ടറിന്റെ പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചുമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ വിത്ത് 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഹെക്ടര്‍ നിരക്ക് കരുത്തേകുന്നത്. മറ്റ് രണ്ട് എന്‍ജിനുകളെക്കാള്‍ 20 എന്‍.എം.ടോര്‍ക്കും 12 ശതമാനം അധിക ഇന്ധനക്ഷമതയുമാണ് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള ഹെക്ടര്‍ വാഗ്ദാനം ചെയ്യുന്നത്. 170 ബി.എച്ച്.പിയാണ് ഈ എന്‍ജിന്റെ കരുത്ത്.
ഡിസൈനില്‍ നേരിയ മാറ്റങ്ങളോടെയാണ് എം.ജി.ഹെക്ടറിന്റെ മുഖംമിനുക്കിയ പതിപ്പും ഹെക്ടര്‍ പ്ലസും അവതരിപ്പിച്ചത്. ഗ്രില്ല്, മസ്‌കുലര്‍ ഭാവം വരുത്തിയ ബമ്പര്‍, 18 ഇഞ്ച് അലോയി വീല്‍, എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ് എന്നിവയാണ് പുതിയ ഹെക്ടറിലെ മാറ്റങ്ങള്‍. റെഗുലര്‍ ഹെക്ടറിന്റെ ആറ്, ഏഴ് സീറ്റിങ്ങുകളുമായാണ് ഹെക്ടര്‍ പ്ലസ് എന്ന വാഹനവും എത്തിയിട്ടുള്ളത്.
ഹെക്ടര്‍ എന്ന എസ്.യു.വിയുമായി 2019-ലാണ് എം.ജി. മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തുന്നത്. ഇതിനുപിന്നാലെ ആദ്യ ഇലക്ട്രിക് ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണവുമായി എം.ജി. eZS അവതരിപ്പിക്കുകയായിരുന്നു. പ്രീമിയം എസ്.യു.വി.ശ്രേണിയില്‍ ഗ്ലോസ്റ്റര്‍, കൂടുതല്‍ സീറ്റിങ്ങ് ഓപ്ഷനുമായി ഹെക്ടര്‍ പ്ലസ് എന്നീ വാഹനങ്ങളുമാണ് ഇപ്പോള്‍ എം.ജി. നിരയിലുള്ളത്.
Source: Team BHP
Content Highlights: MG Motors Soon Launch CVT Transmission Hector In India