ഇന്ത്യന്‍ നിരത്തുകളിലെത്തിയ ആദ്യ ഇന്റര്‍നെറ്റ് ഇലക്ട്രിക് എസ്യുവിയാണ് എംജിയുടെ ZS ഇലക്ട്രിക്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 340 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കിയെത്തിയ ഈ വാഹനത്തിന്റെ റേഞ്ച് കൂടിയ പതിപ്പ് വീണ്ടുമെത്തുന്നു. എക്സൈറ്റ്, എക്സ്ക്ല്യുസീവ് എന്നീ രണ്ട് വേരിയന്റുകളിലെത്തിയിരുന്ന ഈ വാഹനത്തിന്റെ മൂന്നാമത്തെ വേരിയന്റായായിരിക്കും ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന മോഡല്‍ എത്തുക.
എംജിയുടെ ഇലക്ട്രിക് വാഹനശ്രേണി വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിക്ഷേപം നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളും, ലിഥിയം അയേണ്‍ ബാറ്ററിയുടെയും നിര്‍മാണത്തിന് പ്രധാന്യം നല്‍കാനാണ് കമ്പനി ഉദ്യോശിക്കുന്നതെന്നാണ് എംജി അറിയിച്ചിരിക്കുന്നത്. 2022-ഓടെ കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് വാഹനം അവതരിപ്പിക്കും. ഇതിനൊപ്പം ZS നിരയില്‍ കൂടുതല്‍ വാഹനമെത്തിക്കുമെന്നും എംജി അറിയിച്ചു.
ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ആറ് നഗരങ്ങളില്‍ മാത്രമാണ് എംജി ZS ഇലക്ട്രിക് എത്തിച്ചിരുന്നത്. എന്നാല്‍, വിപണി വിപുലമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലുള്‍പ്പെടെ പുതിയ ആറ് നഗരങ്ങളിലേക്ക് കൂടി ഈ വാഹനത്തിന്റെ നെറ്റ്വര്‍ക്ക് വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതിനോടം 3000-ത്തില്‍ അധികം ബുക്കിങ്ങ് സ്വന്തമാക്കിയിട്ടുള്ള ഈ വാഹനത്തിന് 19.88 ലക്ഷം മുതല്‍ 22.58 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
44.5 കിലോവാട്ട് ലിക്വിഡ് കൂള്‍ ബാറ്ററി പാക്കാണ് ZS ഇലക്ട്രികിന് കരുത്തേകുന്നത്. ഇത് 143 ബിഎച്ച്പി പവറും 353 എന്‍എം ടോര്‍ക്കുമേകും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 155 കിലോമീറ്ററാണ്. 4314 എംഎം നീളവും 1809 എംഎം വീതിയും 1620 എംഎം ഉയരവും 2579 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിലുള്ളത്.
ക്രോം സ്റ്റഡുകളുള്ള ബ്ലാക്ക് ഫിനീഷിങ്ങ് ഗ്രില്ല്, എല്‍ഇഡി ഹെഡ്ലാമ്പ്, സ്കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, എല്‍ഇഡി ടെയ്ല് ലാമ്പ്. 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് എംജി ZS ഇലക്ട്രിക്കിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്. 20.32 സെന്റീമീറ്റര്‍ വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഐ-സ്മാര്‍ട്ട് ഇവി 2.0 കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ലെതര്‍ സീറ്റ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, എയര്‍ ഫില്‍ട്ടര്‍, പനോരമിക് സ്കൈ റൂഫ് എന്നിവയാണ് ഈ എസ്യുവിയിലെ മറ്റ് ഫീച്ചറുകള്‍.
സുരക്ഷയുടെ കാര്യത്തിലും ഈ ഇലക്ട്രിക് എസ്യുവി ഒരുപടി മുന്നിലാണ്. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇസിഎസ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, റിവേഴ്സ് ക്യമാറ വിത്ത് ഡൈനാമിക് ലൈന്‍സ്, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ ഡിസെന്റ് കണ്ട്രോള്, ക്രൂയിസ് കണ്ട്രോള് എന്നിവ ഈ വാഹനത്തിന് സുരക്ഷയൊരുക്കും.
Source: LiveMint
Content Highlights: MG Motors Planning To Roll Out 500 Kilometre Range ZS Electric