ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന പ്രദര്‍ശനങ്ങളിലൊന്നാണ് ഷാങ്ഹായി ഓട്ടോഷോ. ഈ വര്‍ഷത്തെ ഈ വാഹന ഉത്സവത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു എം.ജി. മോട്ടോഴ്‌സിന്റെ സൈബര്‍സ്റ്റര്‍ എന്ന ഇലക്ട്രിക് സൂപ്പര്‍ കാര്‍ കണ്‍സെപ്റ്റ്. ഫീച്ചറുകളുടെ സമ്പന്നത കൊണ്ടും സ്റ്റൈല്‍ കൊണ്ടും ജനഹൃദയം കവര്‍ന്ന ഈ വാഹനം യാഥാര്‍ഥ്യമാക്കാന്‍ എം.ജി. മോട്ടോഴ്‌സ് ക്രൗണ്ട് ഫണ്ടിങ്ങ് കാമ്പയിന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. സൈബര്‍ക്യൂബ് എന്ന പേരിലാണ് ഈ പദ്ധതി ഒരുങ്ങിയിട്ടുള്ളത്.

സൈബര്‍സ്റ്റര്‍ വാഹനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ള വാഹനപ്രേമികള്‍ക്ക് ഇതിന്റെ നിര്‍മാണത്തിനായി പണം നല്‍കാമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 5000 ഓഹരികള്‍ ആയ ശേഷമായിരിക്കും ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒരു ഓഹരിയുടെ മൂല്യം 154 ഡോളര്‍ (11,370 രൂപ) ആയിരിക്കുമെന്നാണ് വിവരം. ജൂലൈ മാസം വരെ പൊതുജനങ്ങള്‍ക്ക് ഇതിനായി പണം നല്‍കാനും അവസരം നല്‍കുന്നുണ്ട്. സൈബര്‍ക്യൂബ് എന്ന വെബ്‌സൈറ്റിലൂടെ ഇതിന്റെ ഭാഗമാകാം.

സൈബര്‍സ്റ്ററിനായി ഒരുക്കിയിട്ടുള്ള ഓഹരികളെ ഡ്രീം ഗോള്‍ഡ് എന്നാണ് എം.ജി. മോട്ടോഴ്‌സ് വിശേഷിപ്പിക്കുന്നത്. കമ്പനി അറിയിച്ചിട്ടുള്ള 5000 ഷെയറുകള്‍ ആകുന്ന മുറയ്ക്ക് വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് എം.ജി. നല്‍കിയിട്ടുള്ള ഉറപ്പ്. നിക്ഷേപകര്‍ നല്‍കുന്ന തുക വാഹന നിര്‍മാണത്തിനുള്ള അവരുടെ നിക്ഷേപമായി പരിഗണിക്കും. അല്ലാത്ത പക്ഷം ആളുകള്‍ നല്‍കിയിട്ടുള്ള തുക അതാത് വ്യക്തികള്‍ക്ക് മടക്കി നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.

MG Cyberster

എം.ജി. മോട്ടോഴ്സിന്റെ ഡിസൈന്‍ വിഭാഗമായ ലണ്ടനിലെ എം.ജി. അഡ്വാന്‍സ്ഡ് ഡിസൈന്‍ സെന്ററിലാണ് സൈബര്‍സ്റ്റര്‍ എന്ന ഹൈ-ടെക് ഇലക്ട്രിക് സൂപ്പര്‍ കാര്‍ നിര്‍മിക്കുന്നത്. സ്പോര്‍ട്സ് കാറുകളുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കാനെന്നോണം രണ്ട് ഡോറുകളും രണ്ട് സീറ്റുകളുമായാണ് സൈബര്‍സ്റ്ററും ഒരുങ്ങിയിട്ടുള്ളത്. ഇതിനൊപ്പം ഇന്ററാക്ടീവ് ഗെയിമിങ്ങ് കോക്ക്പിറ്റും 5G കണക്ടിവിറ്റി പോലുള്ള സംവിധാനങ്ങളും ഈ വാഹനത്തെ കൂടുതല്‍ മികച്ചതാക്കുന്നുണ്ട്.

ഈ വാഹനത്തിന്റെ പ്രത്യേകതകള്‍ എം.ജി. മോട്ടോഴ്സ് മുമ്പുതന്നെ വെളിപ്പെടുത്തിയിരുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 800 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് സൈബര്‍സ്റ്ററിന്റെ പ്രധാന ആകര്‍ഷണം. 5G ഇന്റര്‍നെറ്റ് കണക്ഷന്‍, മൂന്ന് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള കരുത്ത്, ഗെയിമിങ്ങ് കോക്പിറ്റ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളുമായി ആയിരിക്കും ഈ വാഹനം എത്തുകയെന്നാണ് ആദ്യം പുറത്തുവിട്ട ടീസറില്‍ എം.ജി. വിശദീകരിച്ചിരുന്നത്.

Content Highlights: MG Motors Planning To Make Crowd Funding For Develop Cyberster E-Super Car